തലശ്ശേരിക്കും കതിരൂരിനും ഇടയിൽ സുന്ദരമായ നായനാർ റോഡ് എന്നൊരു പ്രദേശമുണ്ട്. കേരളത്തിന്റെ പ്രിയ നേതാവ് ഇ കെ നായനാരുടെ പേരിൽ അറിയപ്പെടുന്നു എന്ന് തോന്നുമെങ്കിലും വാസ്തവം അതല്ല. 2005 ഇൽ അവിടെ ആദ്യമായി ബസിറങ്ങുമ്പോൾ ഞാനും ചിന്തിച്ചത് അത് തന്നെയായിരുന്നു. എന്നാൽ മലയാളത്തിലെ ആദ്യത്തെ ചെറു കഥയുടെ സൃഷ്ടാവ് വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ വീട് സ്ഥിതി ചെയ്യുന്നു എന്നത് കൊണ്ടാണ് ആ സ്ഥലം അങ്ങനെ അറിയപ്പെട്ടത്.
നായനാർ റോഡിൽ നിന്നും അകത്തോട്ട് കുഞ്ഞിരാമൻ നായനാരുടെ വീടും കഴിഞ്ഞുള്ള വഴി ഒരു കുന്നിലേക്കുള്ള കയറ്റമാണ്. മുമ്പ് കുറുക്കന്മാരും കുറു നരികളും അവർക്ക് കൂട്ടായി കുറച്ചു ചാരായ വാറ്റുകാരും താമസിച്ചിരുന്ന കാട് നിറഞ്ഞ ഒരു കുന്ന്. കുന്നാണെങ്കിലും ആള് പേരിലൊരു മലയാണ്. കുണ്ടൂർ മല. കിഴക്ക് മനോഹരമായ മല നിരകളും പടിഞ്ഞാറ് സുന്ദരിയായ അറബിക്കടലും അതിനു കുറച്ചു മാറി ധർമടം പുഴയും കാണാൻ പറ്റുന്ന നയന മനോഹരമായ ഒരിടം. ഈ മനോഹരമായ കുന്നിനു പുറത്താണ് പിന്നീട് അക്ഷരങ്ങൾ മുളച്ചു പൊങ്ങിയ തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കപ്പെട്ടത്.
ജീവിതത്തിലെ ഏറ്റവും മനോഹരമായ നാല് വർഷങ്ങൾ ജീവിച്ചു തീർത്ത ഇടം. ഒരിക്കലും തിരിച്ചു നടക്കാൻ സാധിക്കില്ലെങ്കിലും വീണ്ടും വീണ്ടും തിരിച്ചു നടക്കാൻ ഓർമ്മകൾ പ്രേരിപ്പിക്കുന്ന ഇടം. എന്നെ പോലുള്ളവരുടെ മറക്കാനാവാത്ത ഒരുപാട് ഓർമകളുടെ പ്രേതങ്ങൾ ഇപ്പോഴും അലഞ്ഞു തിരിയുന്ന ഒരു പ്രദേശം. പഴയ കാന്റീനടുത്തു പരസ്പരം കെട്ടിപിടിച്ചു നിന്നിരുന്ന കശുമാവിന്റെ കൊമ്പുകളിൽ ഇരുന്നു പങ്കുവെച്ച ഇന്നും നില നിൽക്കുന്ന സൗഹൃദങ്ങൾ. മെക്കാനിക്കൽ ബ്ലോക്കിന്റെ പുറകു വശത്തെ വാട്ടർ ടാങ്കും പരിസരവും, അവിടെ നടന്ന യൂണിറ്റ് കമ്മിറ്റികൾ, അടി പിടി കേസുകളുടെ ഒത്തു തീർപ്പുകൾ, ഗ്രൗണ്ടിന് താഴെ ഉള്ള നരിമടകൾ, നാല് വർഷത്തിൽ വളരെ കുറച്ചു മാത്രം കയറിയ കമ്പ്യൂട്ടർ സയൻസിലെ ക്ലാസ് മുറികൾ, അതിനേക്കാൾ കൂടുതൽ സമയം ചെലവഴിച്ച ചെറുഗുവേരയും ഭഗത് സിങ്ങും ഒക്കെ ഉള്ള വിപ്ലവത്തിന്റെ ഗന്ധമുള്ള യൂണിയൻ ഓഫിസ്, ആദ്യമായി പ്രസംഗിച്ച ക്ലാസ് മുറികൾ, ആർട്സ് ഫെസ്ടിവലുകൾ, ഞങ്ങളെ പോലെ തല തെറിച്ചവരോട് വീറോടും വാശിയോടും കൂടി പൊരുതിയ പ്രിയപ്പെട്ട പ്രിൻസിപ്പൽ സുഗതൻ സർ, പലതവണ തോൽപ്പിക്കാൻ ശ്രമിച്ച ചുരുക്കം ചില അധ്യാപകർ, അതിനിടയിലും ഒരു പാട് പിന്തുണച്ച ഹൃദയത്തോട് ചേർത്ത വെക്കുന്ന മറ്റു ചില പ്രിയപ്പെട്ട അധ്യാപകർ, സൗഹൃദങ്ങൾക്ക് പിശുക്കു കാണിക്കാതിരുന്ന ക്ലാസ്സ്‌മേറ്റ്സ്, എല്ലാറ്റിലും മീതെ വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്ത വിധം അപ്പോഴും ഇപ്പോഴും പ്രിയപ്പെട്ട എന്റെ സഖാക്കൾ.
വർഷങ്ങൾക്ക് ശേഷം ഒരു ചിത്രം ഓർമകളിലേക്ക് വീണ്ടും കൈ പിടിച്ചു നടത്തുകയാണ്. ക്യാമ്പസ്സിനകത്ത് ഞങ്ങൾക്ക് കാണാൻ ഒരു കാഴ്ചയും ബാക്കിയില്ല എന്ന അഹങ്കാരത്തെ പൊളിച്ചെഴുതുന്ന ഒരു ചിത്രം, ആ ചിത്രത്തോടോപ്പോം ഞാനും നടക്കുന്നു, എന്റെ പ്രിയപ്പെട്ട വഴികളിലൂടെ....