ഇലത്തുമ്പത്തു തങ്ങിനിൽക്കുന്ന ഒരു കുഞ്ഞു ജലകണിക...
സൂക്ഷിച്ചു നോക്കിയാൽ കാണാം, അതിനുള്ളിൽ തലകീഴായി മറിഞ്ഞുകിടക്കുന്ന ഒരു പ്രപഞ്ചം.
അതൊരു വെറും മരക്കൂട്ടമല്ല.
ആഴങ്ങളോളം പടർന്നുനിൽക്കുന്ന
വന്യവും ശാന്തവുമായ ഒരു സാന്നിധ്യം.
ഒരു ചെറിയ കണികയുടെ വിസ്തൃതിയിലേക്ക്
മഹത്തായ ആ പച്ചപ്പു മുഴുവൻ തടവിലാക്കപ്പെട്ടിരിക്കുന്നു.
ഇലച്ചാർത്തുകളിൽ തട്ടിത്തെറിക്കുന്ന മിന്നൽവെളിച്ചം ഒരു കുസൃതിച്ചിരിയാണ്;
മരച്ചില്ലകളിലിടറുന്ന കാറ്റ് നിശബ്ധമായ ഒരു ശ്വാസവും.
ഏതു നിമിഷവും താഴേക്കുവീണു ചിതറിപ്പോയേക്കാവുന്ന ആ കണികയിൽ
ആഴത്തിൽ ഉറച്ചുനിൽക്കുകയാണ് അണയാത്ത പ്രണയം.
ഒരു തുള്ളിയിൽ വലിയൊരു കാടിനെ ഒളിപ്പിക്കുന്ന മായാജാലം...
മറ്റൊന്നിനുമല്ല, ആ ജലകണികയിലെ പച്ചപ്പിൽ തെളിയുന്നത് ജീവന്റെ തന്നെ ആത്മാവാണ്.


