Saturday, September 22, 2012

തടവറ


­­­­­ഇരുണ്ട തടവറകളിലാണ്‌
നാം എല്ലായ്പോഴും...
കരിഞ്ഞു പോയ സ്വപ്‌നങ്ങള്‍
നിറഞ്ഞു  കറുത്ത് പോയ
ആകാശത്തിനും,
കറുത്ത മനസ്സുള്ള മനുഷ്യരെ
 കൊണ്ട് നിറഞ്ഞു പോയ
ഭൂമിയിക്കും ഇടയില്‍ ആരോ
സൃഷ്ടിക്കുന്ന തടവറകളില്‍
അകപ്പെടുന്നു നമ്മോടോപ്പോം
നമ്മുടെ സ്വപ്നങ്ങളും...
കറുത്ത് പോയ അനേകം
സ്വപ്നങ്ങളുടെ വെളുത്ത
പ്രേതങ്ങള്‍ മോക്ഷം തേടി
അലയുന്നുണ്ടിപ്പോഴും ആ
ഇരുണ്ട തടവറകളില്‍...
തടവറകള്‍ നാം തന്നെ
പണിതുയര്‍ത്തിയവയാവാം,
നമ്മുടെ സ്വപ്‌നങ്ങള്‍ കൊണ്ട്....
അതുമല്ലെങ്കില്‍ ആരുടെയോ
സ്വപ്നങ്ങള്‍ക്ക് വേണ്ടി
അവര്‍ തീര്‍ക്കുന്നതാവം,
നമുക്കായി, ഇരുണ്ട തടവറകള്‍...

Saturday, May 12, 2012

ചക്രവാളം

ആഗ്രഹങ്ങള്‍
ആകാശമാണ്...
അതിരുകളില്ലതിനു...
എങ്കിലും
പറക്കുന്നു ഞാന്‍,
അതിരുകള്‍ തേടി,
ഒരു കുഞ്ഞു
പക്ഷിയെ പോലെ...
അകന്നു പോകുന്നു 
എന്നില്‍ നിന്നും 
അതിരുകള്‍ ...
പക്ഷെ, പറന്നു 
കൊണ്ടേയിരുന്നു...
ലക്‌ഷ്യം ചക്ര-
വാളങ്ങള്‍ക്ക്‌ 
അപ്പുറമാവാം ...
ഏഴാം കടലി-
നക്കരെയുമാകാമത്..
ഏത്താനവില്ലെ-
നിക്കവിടെ...
ചിറകു കരിഞ്ഞു 
വീണേക്കാം,
നടുകടലില്‍.........
പക്ഷേ....
പറ ക്കാതിരിക്കാ-
നാവില്ലെനിക്ക്...
കാരണം ,
ഒരു മനുഷ്യനാണ്
ഞാനും...



Saturday, November 5, 2011

തകര്‍ന്നു പോയത്....

ചിതറിയ ശവങ്ങള്‍ 
കൊത്തി പറക്കുന്നു കഴുകന്‍...
പുഴുവരിക്കുന്നു
പിഞ്ചു കുഞ്ഞിന്‍ ദേഹവും...
ശവ കൊതി തീരാതെ
പറക്കുന്നു വിമാനങ്ങള്‍...
ബോംബുകള്‍ തകര്‍ക്കുന്നു 
ജീവന്‍റെ തുടിപ്പിനെ...
പറക്കുന്നു മിസ്സൈലുകള്‍ 
തലമുകളിലൂടെ...
ചോര മണമാണ് 
എനിക്ക്  ചുറ്റും...
തകര്‍ത്തേക്കാം എന്നിലെ 
ജീവനെയും, ഒരു ബുള്ളെറ്റ്...
നടക്കനവില്ലെനിക്ക്, ഇനിയും,
ഈ യുദ്ധ ഭൂമിയിലൂടെ...
വഴി നടക്കവേ കണ്ടു ഞാന്‍,
എന്നെ ഞാനാക്കിയ ബന്ധു ജനങ്ങളെ...
കണ്ടു ഞാനെന്‍ മാതൃത്വത്തെ,
സ്നേഹമയാം അമ്മയെ...
ഓര്‍ത്തു പോയി ഞാനെന്‍ 
ബാല്യം, അമ്മയോടോപ്പമുള്ള ബാല്യം...
അടുത്ത് തന്നെ കണ്ടു 
ഞാനെന്‍ അച്ഛനെയും...
ജീവിക്കാന്‍ എന്നെ 
പഠിപ്പിച്ച  എന്‍റെ അച്ഛനെ...
മുന്നോട്ട് നീങ്ങവേ കണ്ടു,
ഞാനെന്‍ പ്രിയതമയെ...
സ്നേഹിക്കാന്‍ എന്നെ 
പഠിപ്പിച്ച എന്‍റെ പ്രിയതമയെ....
തൊട്ടടുത്ത്‌ തന്നെ കിടക്കുന്നു,
എന്‍റെ മക്കള്‍...
ചിതറിയെങ്കിലും  തുടിക്കുന്ന 
ഹൃദയവുമായി...
ചിത്ര ശലഭം പോലുള്ള 
എന്‍റെ  മക്കള്‍...
ഓര്‍ത്തു പോയി ഞാനെന്‍ 
ബാല്യവും കൌമാരവും...
ഭൂമിയിലെ ഈ സ്വര്‍ഗ്ഗ 
കവാടത്തിലെ....
സ്നേഹമയം ബാല്യവും,
തീക്ഷനമാം കൌമാരവും,
വാത്സല്യം നിറഞ്ഞ വാര്‍ദ്ധക്യവും 
നഷ്ടപ്പെടുന്നു,എല്ലാം 
ഇന്നത്തെ തലമുറയ്ക്ക്... 
ബന്ധു ജനങ്ങളെ പരത്തി നടക്കവേ ,
ഏതോ ഒരു നിമിഷം,
തകര്‍ത്തു എന്‍റെ ജീവനെയും,
വഴി മാറി വന്ന ഒരു ബുള്ളെറ്റ്...

Wednesday, September 7, 2011

തിരിച്ചറിവ്...

പ്രണയത്തിനു കണ്ണിലെന്നു
ധരിച്ചിരുന്നു ഞാന്‍....
നട്ടുച്ച വെയിലില്‍ മരത്തണലില്‍
കൈകള്‍ പരസ്പരം ചേര്‍ത്തുവെച്
ഹൃദയങ്ങള്‍ പരസ്പരം കൈമാറാന്‍ 
ഒരുങ്ങവേ അവളെന്നെ തിരുത്തി...

ഞാന്‍ സുന്ദരിയും 
നീ വിരൂപനുമാനെന്ന്‍...
ഞാന്‍ ഹിന്ദുവും
നീ മുസ്ലിമുമാനെന്ന്‍...
ഞാന്‍ നായരും 
നീ പുലയനുമാനെന്ന്‍...
ഞാന്‍ ധനികനും 
നീ ദരിദ്രനുമാനെന്ന്‍...

ഞാന്‍ മനസ്സിനെക്കുറിച്ച് 
സംസാരിക്കുമ്പോള്‍ 
അവള്‍  സൌന്ദര്യത്തെക്കുറിച്ച് 
സംസാരിച്ചു... 

ഞാന്‍ പ്രണയത്തെക്കുറിച്ച് 
സംസാരിക്കുമ്പോള്‍ 
അവള്‍  മതത്തെക്കുറിച്ച് 
 സംസാരിച്ചു...

ഞാന്‍ സ്വപ്നങ്ങളെക്കുറിച്ച് 
സംസാരിക്കുമ്പോള്‍ 
 അവള്‍  പണത്തെക്കുറിച്ച് 
സംസാരിച്ചു... 

വിയര്‍ത്തു പോയി എന്റെ 
പ്രണയം മരച്ചുവട്ടിലെ
തണലില്‍ പോലും....

ആ മര ചുവട്ടില്‍ ഹൃദയങ്ങള്‍
കൈമാറാന്‍ ഒരുങ്ങിയ 
എന്നെ അവള്‍ പഠിപ്പിച്ചു...

പ്രണയത്തിനു കണ്ണ് മാത്രമല്ല, 
ജാതിയും മതവും പണവുമുണ്ടെന്ന്.....

Sunday, August 28, 2011

മാതസ്എക്സാം

                  ശരിക്കും പറയുകയാണേല്‍ ബി.ടെക് എന്നല്ല,ബി.ഇ എന്ന് തന്നെ പറയണം. കാരണം ബാച്ചിലര്‍ ഓഫ് എക്സാം ആയി മാറും 4 വര്‍ഷങ്ങള്‍ കൊണ്ട് നമ്മള്‍... അത് കൊണ്ട് തന്നെ എക്സാം എന്ന് പറഞ്ഞാല്‍ പുല്ലു വിലയുള്ള കാലം...ഒരു വരി പോലും പഠിക്കാതെ എക്സാം എഴുതുന്നതും,എക്സാം സ്കൂട്ട് ചെയുന്നതും എല്ലാം നല്ല ശീലം... ആരാണ് ഏറ്റവും കുറഞ്ഞ മാര്‍ക്ക് മേടിക്കുക എന്ന കാര്യത്തില്‍ ആണ്‍ കുട്ടികള്‍ക്കിടയിലും ആര്‍ക്കാണ് കൂടുതല്‍ മാര്‍ക്ക് എന്ന കാര്യത്തില്‍ പെണ്‍കുട്ടികള്‍ക്കിടയിലും ഒരു മത്സരം തന്നെ നില നിന്നിരുന്നു എന്ന് പറയാം...
                 കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആകാനുള്ള ത്രീവ ശ്രമത്തിന്റെ മൂന്നാം സെമെസ്റെരിലെ ആദ്യ സീരീസ്‌ എക്സാം നടക്കുന്ന സമയം.. പതിവ് പോലെ മാതസ് എക്സാമിന്റെ തലേ ദിവസം, പഠിക്കാന്‍ തുടങ്ങുമ്പോഴേക്കും വൈകുന്നേരം ആയി, 8  മണി വരെ മൂക്കും കുത്തി probablitiy ഇലും distribution ഇലും മുങ്ങി തപ്പിയെങ്ങിലും പേരിനു പോലും ഒരു മുത്തു പോലും കിട്ടിയില്ല.. ആകെ ഓര്മ വരുന്നത് മാതസ് ക്ലാസില്‍ കുഞ്ഞി കൃഷ്ണന്‍ സര്‍ അച്ഛനെ തെറി വിളിക്കുന്ന രംഗം മാത്രമാണ്...
                           "GO TO YOUR HOME AND ASK YOUR FATHER "
                ഇതാണ് അങ്ങേരുടെ സ്ഥിരം ഡയലോഗ്.. എക്സ്സമിന് മാര്‍ക്ക് കുറഞ്ഞ വെറുതെ വീട്ടിലിരിക്കുന്ന ഉപ്പാനെ തെറി വിളിക്കുനത് കേള്‍ക്കേണ്ടി വരുമല്ലോ പടച്ചോനെ എന്ന് മനസ്സില്‍ കരുതി പഠിക്കാനിരുന്നു. അര മണിക്കൂര്‍ കഴിയുമ്പോഴേക്കും ഞാന്‍ മനസ്സിലാക്കി, ഇത് എന്നെ കൊണ്ട് പറ്റിയ പണിയെല്ല എന്ന്... പിന്നെ ബുക്കും പൂട്ടി വെച്ച മര്യാദക്ക് പഠിക്കുന്ന മിഥുനെയും ജോജോയെയും ശല്യപ്പെടുത്താന്‍ തുടങ്ങി.. 15  മിനിറ്റ് പോലും വേണ്ടി വന്നില്ല എനികെന്റെ ലക്‌ഷ്യം നേടാന്‍... അവരും പഠിത്തം മതിയാക്കി.. അപ്പൊ എന്റെ മനസ്സില്‍ വല്ലാത്ത ആശ്വാസം തോന്നി..പിന്നെ PROBABLITY ഭഗവാനെ മനസ്സില്‍ ഓര്‍ത്തു കൊണ്ട് ചീട്ടു കളിയ്ക്കാന്‍ തുടങ്ങി.. 
                 പുലരും വരെ ചീട്ടും കളിച് കുളിച് ഉറക്ക ചടവില്‍ മോഞ്ഞന്മാര്യി ഞങ്ങള്‍ കോളേജില്‍  എത്തി. QUESTION PAPER കയ്യില്‍ കിട്ടിയതും സകല തള്ള് ദൈവങ്ങളെയും മനസ്സില്‍ ഓര്‍ത്തു കൊണ്ട് തളളാന്‍ തുടങ്ങി. പക്ഷെ മാതസ് എക്സാം അല്ലെ? തള്ളുന്നതിനും ഒരു  ലിമിറ്റ് ഇല്ലേ? പരീക്ഷ എന്ന മഹത്തായ കര്‍മം അര മണിക്കൂര്‍ കൊണ്ട് നിര്‍വഹിച് പുറത്തിറങ്ങി, 2 മണിക്കൂര്‍ എടുത്ത് എക്സാം എഴുതുന്ന ബാക്കി മണ്ടന്മാരെ പുചിച്ചു കൊണ്ട്...                         
                       അങ്ങനെ എക്സാം ഒക്കെ കഴിഞ്ഞ സര്‍ ഒരു ദിവസം ക്ലാസ് എടുത്ത് കൊണ്ടിരിക്കെ പറഞ്ഞു"എക്സാം പേപ്പര്‍ വേണ്ടവര്‍ സ്റാഫ് റൂമില്‍ വന്നു മേടിക്കണം എന്ന്... 50 / 50  കിട്ടും എന്ന് ഉറപ്പ് ഉണ്ടായിരുന്നതിനാല്‍ അന്ന് തന്നെ പോയി പാപ്പേര്‍ മേടിക്കാന്‍...
                 ഞാന്‍ മെല്ലെ സ്റാഫ് റൂമിന്റെ ഡോറില്‍ തട്ടി,അപ്പൊ സര്‍ എന്നെ നോക്കി ആന്ഗ്യ ഭാഷയില്‍ എന്താ എന്ന് ചോദിച്ചു, വിനീത വിധേയന്‍ ആയി ഞാന്‍ പറഞ്ഞു "സര്‍, പേപ്പര്‍"
                 സര്‍ മുഖം ഉയര്‍ത്തി എന്നെ നോക്കിയിട്ട് പേപ്പര്‍ കെട്ടുകള്‍ തപ്പിയെടുത് എന്നെ നോക്കി ചോദിച്ചു,"എത്ര കിട്ടും?
ഞാന്‍: 50 കിട്ടേണ്ടതാണ്,കുറഞ്ഞു പോയാല്‍ 45 ,അതില്‍ കുറയില്ല...
സര്‍: ഉറപ്പാണോ?
ഞാന്‍:അതെ, ഉറപ്പാണ്‌ സര്‍...
സര്‍:വീട്ടില്‍ തൂമ്പ ഇരിപ്പുണ്ടോ?
ഞാന്‍:ഉണ്ട് സര്‍, എന്തെചോദിച്ചത്?
 സര്‍: കിളയ്ക്കാന്‍,തനിക്കൊക്കെ അതാ നല്ലത്,പറമ്പില്‍ പോയി താനൊക്കെ അതിനു തെങ്ങിന് വളം ഇട്ടാല്‍ അതെങ്ങിലും നന്നാകും..ബി.ടെക് പഠിക്കാന്‍ വന്നിരിക്കുന്നു, തനിക്കൊക്കെ പറ്റിയ പണി കിളക്കാന്‍ പോകലാ ,45 പോയിട്ട് നാലര പോലുമില്ല തനിക്ക്, ഇതാ പിടിക്ക് തന്റെ പേപ്പര്‍ ......................................................................................................................................................................
.....................................................................................................................................................................
പിന്നീട് അങ്ങോട്ട് 10 മിനുട്ടോളം തെറിയുടെ പൂരം ആയിരുന്നു...                       
                അപമാന ഭാരത്താല്‍ കുനിഞ്ഞു പോയ മുഖവും കയ്യില്‍ ചുരുട്ടി പിടിച്ച പേപ്പര്‍  ഉം ആയി ഞാന്‍ പുറത്തിറങ്ങി... കലങ്ങിയ കണ്ണുകളോടെ ഞാന്‍ പേപ്പറില്‍ നോക്കി.. ആദ്യം മാര്‍ക്ക് തന്നെ നോക്കി.. 2.5/50.. പെട്ടെന്നാണ് ഞാന്‍ ആ കാഴ്ച കണ്ടത്... പേപ്പര്‍ എന്റേതല്ല.. സാറിനോട് പേപ്പര്‍ മാറി പോയിരിക്കുന്നു..
                ലോകം കീഴടക്കിയ ഭാവത്തോടെ ഞാന്‍ സ്റ്റാഫ്‌ റൂമിലേക്ക് കയറി സാറിനോട് കാര്യം പറഞ്ഞു... നന്നായി പഠിക്കുന്ന ഒരു കുട്ടിയെ വെറുതെ ചീത്ത പറഞ്ഞു എന്നോര്‍ത്ത് കുറ്റബോധത്താല്‍ സാറിന്റെ മുഖം താഴ്ന്നു.. ചെയറില്‍ നിന്ന് എഴുന്നേറ്റു വന്ന എന്റെ തോളില്‍ തട്ടി സര്‍ പറഞ്ഞു...
          " എനിക്കറിയാം, താന്‍ എങ്ങനെ ആവില്ല എന്ന്, താന്‍  ക്ഷമിക്കെടോ..തന്റെ പേപ്പര്‍ ആണെന്ന് കരുതിയ ഞാന്‍ ചീത്ത പറഞ്ഞത്.. അത് വിട്ടേക്ക്"
                   ഇത് കേട്ട ഞാന്‍ അകം മുഴുവന്‍ സാറിനെ തെറി വിളിച്ചെങ്കിലും അത് പുറത്തു കാണിക്കാതെ പറഞ്ഞു," കുഴപ്പമില്ല സര്‍"
     സര്‍ വീണ്ടും പേപ്പര്‍ കെട്ടുകള്‍ പരതാന്‍ തുടങ്ങി, എന്റെ  പപ്പെരിനായി.പപ്പേര്‍ തപ്പിയെടുത് അതില്‍ നോക്കിയതും സാറിന്റെ മുഖ ഭാവം മാറുന്നത് ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. പക്ഷെ ഒന്നും പറയാതെ പേപ്പര്‍ എന്റെ കയ്യില്‍ തന്നിട്ട്  സര്‍ എന്നോട് പുറത്തു പോകാന്‍ ആന്ഗ്യം കാണിച്ചു..
                പുറത്തിറങ്ങിയ ഞാന്‍ ആദ്യം നോക്കിയത് പേപ്പര്‍ എന്റേത് തന്നെയാണോ എന്നാണ്, ഭാഗ്യം എന്റേത് തന്നെയാണ്... പിന്നെ എന്റെ കണ്ണുകള്‍ പരതിയത് മാര്‍ക്ക് ആയിരുന്നു. അത് കണ്ട എന്റെ 2 കണ്ണുകളും പുറത്തേക്ക തള്ളി... 1/2 / 50 .... അന്‍പതില്‍ അര മാര്‍ക്ക്..