സാരി ഓരോ മലയാളിക്കും അക്ഷരങ്ങളില്ലാതെ എഴുതപ്പെട്ട ഒരു നിത്യഹരിത മഹാകാവ്യമാണ്. സാരി വെറുമൊരു വസ്ത്രമല്ല; മഷി പുരണ്ട കടലാസുകളിൽ ഒതുങ്ങാത്ത, കവികൾ വരികളിലൂടെ മാത്രം ഒപ്പിയെടുക്കാൻ ശ്രമിച്ച പ്രണയത്തെയും സൗന്ദര്യത്തെയും ഒരു പെണ്ണിന്റെ ഉടലിലേക്ക് പകർത്തിവെച്ച ജീവസ്സുറ്റ ദൃശ്യകാവ്യമാണ് മലയാളിയെ സംബന്ധിച്ച് സാരി. ഒരു പെണ്ണിന്റെ ഉടലാകെ അണിയിച്ചൊരുക്കുന്ന ജീവനുള്ള കവിത.
തോളിൻമേൽ അലസമായി വീഴുന്ന സാരി ഒരു കവിതയുടെ ആകർഷകമായ ആമുഖം പോലെ നമ്മെ കീഴടക്കി കളയും, സാരിയുടെ ഓരോ മടക്കുകളും ഒരു മഹാകവിയുടെ കവിതയിലെ ഘനഗംഭീരമായ ബിംബങ്ങളെപ്പോലെയാണ്. ഒന്നിനുപുറകെ ഒന്നായി വിന്യസിച്ചിരിക്കുന്ന ആ മടക്കുകൾ പ്രകൃതിയുടെ ശാന്തതയും ഒരു സ്ത്രീയുടെ ആത്മവിശ്വാസവും ഒരുപോലെ നിഴലിക്കുന്നു. ഓരോ അടവിലും ഒളിഞ്ഞിരിക്കുന്ന ആ രഹസ്യം കാണുന്നവരെ കൂടുതൽ മയക്കുന്നു. കിനിഞ്ഞിറങ്ങുന്ന കസവുനൂലുകൾ വീണ്ടും മൂളാൻ തോന്നുന്ന പ്രിയപ്പെട്ട പല്ലവി പോലെയാണ് ഓരോ മലയാളിക്കും.
ശരീരത്തോട് ചേർന്നുനിൽക്കുമ്പോൾ സാരി അതീവ സംഗീതാത്മകമായ ഒരു സൗന്ദര്യമായി മാറുന്നു. നടക്കുമ്പോൾ പാദങ്ങളെ തഴുകുന്ന അതിന്റെ ശബ്ദവും ചലനവും, കവിത വായിക്കുമ്പോൾ ഉള്ളിൽ തൊടുന്ന ഈണമായി മാറുന്നു. മറച്ചുവെക്കലുകളിലെ ഗാംഭീര്യവും വെളിപ്പെടുത്തലുകളിലെ ലജ്ജയും ഇടകലർന്ന് ഒരു പൂർണ്ണരൂപം പ്രാപിക്കുമ്പോൾ, അതൊരു മഹാകാവ്യമായി പരിണമിക്കുന്നു.
കാലം എത്ര മാറിയാലും, സാരിയെന്ന ഈ അപൂർവ്വ കവിതയോടുള്ള പ്രണയം മാത്രം മായാതെ, മാറ്റ് കുറയാതെ എന്നും മലയാളിമനസ്സിൽ ബാക്കിയാകും. ലോകാവസാനം വരേയ്ക്കും

