Monday, December 3, 2012

ഭൂമിയുടെ അവകാശികള്‍.....


തലയ്ക്ക് ചുറ്റും
വട്ടമിട്ടു പറക്കുന്നു
ശവം തീനി കഴുകന്മാര്‍...

വരി വരിയായി വന്നെന്നെ
അരിച്ചെടുക്കുവാന്‍ തുടങ്ങി-
യിരിക്കുന്നു ഉറുമ്പുകള്‍...

കണ്ണിലും മൂക്കിലും
അലോസരമുണ്ടാക്കി
മൂളി പറക്കുന്ന
ഈച്ചകള്‍...

മനുഷ്യരും
തിരക്കിലായിരുന്നു...

ആരൊക്കെയോ ചേര്‍ന്ന്
വെട്ടി വീഴ്ത്തുന്നു
ഞാന്‍ നട്ടു വളര്‍ത്തിയ
തെക്കേതിലെ മാവിനെ...

ചിലര്‍ എന്നെ കുളിപ്പിക്കുന്ന
തിരക്കില്‍, മറ്റു ചിലര്‍
ചിതയോരുക്കുന്ന തിരക്കിലും...

നിലവിളിച്ചു കൊണ്ടിരിക്കുന്ന
എന്റെ കയ്യും കാലുകളും
ആരിക്കെയോ ചേര്‍ന്ന്
മുറുക്കെ കെട്ടുന്നു...

ഒടുവില്‍ ഉറ്റവര്‍
ചേര്‍ന്നെന്നെ ചിതയി-
ലെക്കെടുക്കുന്നു..

ഇതിനിടയിലെപ്പോഴോ
ഞാന്‍ വിളിച്ചു പറയാന്‍
ശ്രമിക്കുന്നുണ്ടായിരുന്നു
“ഞാന്‍ മരിച്ചിട്ടില്ല എന്ന്”

എവിടെ നിന്നോ മറുപടി
പോലൊരു അശരീരി
കേട്ടു  ഞാന്‍...

“മനസ്സ് മരിച്ചവന്റെ
ശരീരത്തിനു ഭൂമിയില്‍
ജീവിക്കാനുള്ള
അവകാശമില്ലെന്ന്”

Saturday, September 22, 2012

തടവറ


­­­­­ഇരുണ്ട തടവറകളിലാണ്‌
നാം എല്ലായ്പോഴും...
കരിഞ്ഞു പോയ സ്വപ്‌നങ്ങള്‍
നിറഞ്ഞു  കറുത്ത് പോയ
ആകാശത്തിനും,
കറുത്ത മനസ്സുള്ള മനുഷ്യരെ
 കൊണ്ട് നിറഞ്ഞു പോയ
ഭൂമിയിക്കും ഇടയില്‍ ആരോ
സൃഷ്ടിക്കുന്ന തടവറകളില്‍
അകപ്പെടുന്നു നമ്മോടോപ്പോം
നമ്മുടെ സ്വപ്നങ്ങളും...
കറുത്ത് പോയ അനേകം
സ്വപ്നങ്ങളുടെ വെളുത്ത
പ്രേതങ്ങള്‍ മോക്ഷം തേടി
അലയുന്നുണ്ടിപ്പോഴും ആ
ഇരുണ്ട തടവറകളില്‍...
തടവറകള്‍ നാം തന്നെ
പണിതുയര്‍ത്തിയവയാവാം,
നമ്മുടെ സ്വപ്‌നങ്ങള്‍ കൊണ്ട്....
അതുമല്ലെങ്കില്‍ ആരുടെയോ
സ്വപ്നങ്ങള്‍ക്ക് വേണ്ടി
അവര്‍ തീര്‍ക്കുന്നതാവം,
നമുക്കായി, ഇരുണ്ട തടവറകള്‍...

Saturday, May 12, 2012

ചക്രവാളം

ആഗ്രഹങ്ങള്‍
ആകാശമാണ്...
അതിരുകളില്ലതിനു...
എങ്കിലും
പറക്കുന്നു ഞാന്‍,
അതിരുകള്‍ തേടി,
ഒരു കുഞ്ഞു
പക്ഷിയെ പോലെ...
അകന്നു പോകുന്നു 
എന്നില്‍ നിന്നും 
അതിരുകള്‍ ...
പക്ഷെ, പറന്നു 
കൊണ്ടേയിരുന്നു...
ലക്‌ഷ്യം ചക്ര-
വാളങ്ങള്‍ക്ക്‌ 
അപ്പുറമാവാം ...
ഏഴാം കടലി-
നക്കരെയുമാകാമത്..
ഏത്താനവില്ലെ-
നിക്കവിടെ...
ചിറകു കരിഞ്ഞു 
വീണേക്കാം,
നടുകടലില്‍.........
പക്ഷേ....
പറ ക്കാതിരിക്കാ-
നാവില്ലെനിക്ക്...
കാരണം ,
ഒരു മനുഷ്യനാണ്
ഞാനും...



Saturday, November 5, 2011

തകര്‍ന്നു പോയത്....

ചിതറിയ ശവങ്ങള്‍ 
കൊത്തി പറക്കുന്നു കഴുകന്‍...
പുഴുവരിക്കുന്നു
പിഞ്ചു കുഞ്ഞിന്‍ ദേഹവും...
ശവ കൊതി തീരാതെ
പറക്കുന്നു വിമാനങ്ങള്‍...
ബോംബുകള്‍ തകര്‍ക്കുന്നു 
ജീവന്‍റെ തുടിപ്പിനെ...
പറക്കുന്നു മിസ്സൈലുകള്‍ 
തലമുകളിലൂടെ...
ചോര മണമാണ് 
എനിക്ക്  ചുറ്റും...
തകര്‍ത്തേക്കാം എന്നിലെ 
ജീവനെയും, ഒരു ബുള്ളെറ്റ്...
നടക്കനവില്ലെനിക്ക്, ഇനിയും,
ഈ യുദ്ധ ഭൂമിയിലൂടെ...
വഴി നടക്കവേ കണ്ടു ഞാന്‍,
എന്നെ ഞാനാക്കിയ ബന്ധു ജനങ്ങളെ...
കണ്ടു ഞാനെന്‍ മാതൃത്വത്തെ,
സ്നേഹമയാം അമ്മയെ...
ഓര്‍ത്തു പോയി ഞാനെന്‍ 
ബാല്യം, അമ്മയോടോപ്പമുള്ള ബാല്യം...
അടുത്ത് തന്നെ കണ്ടു 
ഞാനെന്‍ അച്ഛനെയും...
ജീവിക്കാന്‍ എന്നെ 
പഠിപ്പിച്ച  എന്‍റെ അച്ഛനെ...
മുന്നോട്ട് നീങ്ങവേ കണ്ടു,
ഞാനെന്‍ പ്രിയതമയെ...
സ്നേഹിക്കാന്‍ എന്നെ 
പഠിപ്പിച്ച എന്‍റെ പ്രിയതമയെ....
തൊട്ടടുത്ത്‌ തന്നെ കിടക്കുന്നു,
എന്‍റെ മക്കള്‍...
ചിതറിയെങ്കിലും  തുടിക്കുന്ന 
ഹൃദയവുമായി...
ചിത്ര ശലഭം പോലുള്ള 
എന്‍റെ  മക്കള്‍...
ഓര്‍ത്തു പോയി ഞാനെന്‍ 
ബാല്യവും കൌമാരവും...
ഭൂമിയിലെ ഈ സ്വര്‍ഗ്ഗ 
കവാടത്തിലെ....
സ്നേഹമയം ബാല്യവും,
തീക്ഷനമാം കൌമാരവും,
വാത്സല്യം നിറഞ്ഞ വാര്‍ദ്ധക്യവും 
നഷ്ടപ്പെടുന്നു,എല്ലാം 
ഇന്നത്തെ തലമുറയ്ക്ക്... 
ബന്ധു ജനങ്ങളെ പരത്തി നടക്കവേ ,
ഏതോ ഒരു നിമിഷം,
തകര്‍ത്തു എന്‍റെ ജീവനെയും,
വഴി മാറി വന്ന ഒരു ബുള്ളെറ്റ്...

Wednesday, September 7, 2011

തിരിച്ചറിവ്...

പ്രണയത്തിനു കണ്ണിലെന്നു
ധരിച്ചിരുന്നു ഞാന്‍....
നട്ടുച്ച വെയിലില്‍ മരത്തണലില്‍
കൈകള്‍ പരസ്പരം ചേര്‍ത്തുവെച്
ഹൃദയങ്ങള്‍ പരസ്പരം കൈമാറാന്‍ 
ഒരുങ്ങവേ അവളെന്നെ തിരുത്തി...

ഞാന്‍ സുന്ദരിയും 
നീ വിരൂപനുമാനെന്ന്‍...
ഞാന്‍ ഹിന്ദുവും
നീ മുസ്ലിമുമാനെന്ന്‍...
ഞാന്‍ നായരും 
നീ പുലയനുമാനെന്ന്‍...
ഞാന്‍ ധനികനും 
നീ ദരിദ്രനുമാനെന്ന്‍...

ഞാന്‍ മനസ്സിനെക്കുറിച്ച് 
സംസാരിക്കുമ്പോള്‍ 
അവള്‍  സൌന്ദര്യത്തെക്കുറിച്ച് 
സംസാരിച്ചു... 

ഞാന്‍ പ്രണയത്തെക്കുറിച്ച് 
സംസാരിക്കുമ്പോള്‍ 
അവള്‍  മതത്തെക്കുറിച്ച് 
 സംസാരിച്ചു...

ഞാന്‍ സ്വപ്നങ്ങളെക്കുറിച്ച് 
സംസാരിക്കുമ്പോള്‍ 
 അവള്‍  പണത്തെക്കുറിച്ച് 
സംസാരിച്ചു... 

വിയര്‍ത്തു പോയി എന്റെ 
പ്രണയം മരച്ചുവട്ടിലെ
തണലില്‍ പോലും....

ആ മര ചുവട്ടില്‍ ഹൃദയങ്ങള്‍
കൈമാറാന്‍ ഒരുങ്ങിയ 
എന്നെ അവള്‍ പഠിപ്പിച്ചു...

പ്രണയത്തിനു കണ്ണ് മാത്രമല്ല, 
ജാതിയും മതവും പണവുമുണ്ടെന്ന്.....