Thursday, March 23, 2017


തലശ്ശേരിക്കും കതിരൂരിനും ഇടയിൽ സുന്ദരമായ നായനാർ റോഡ് എന്നൊരു പ്രദേശമുണ്ട്. കേരളത്തിന്റെ പ്രിയ നേതാവ് ഇ കെ നായനാരുടെ പേരിൽ അറിയപ്പെടുന്നു എന്ന് തോന്നുമെങ്കിലും വാസ്തവം അതല്ല. 2005 ഇൽ അവിടെ ആദ്യമായി ബസിറങ്ങുമ്പോൾ ഞാനും ചിന്തിച്ചത് അത് തന്നെയായിരുന്നു. എന്നാൽ മലയാളത്തിലെ ആദ്യത്തെ ചെറു കഥയുടെ സൃഷ്ടാവ് വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ വീട് സ്ഥിതി ചെയ്യുന്നു എന്നത് കൊണ്ടാണ് ആ സ്ഥലം അങ്ങനെ അറിയപ്പെട്ടത്.

നായനാർ റോഡിൽ നിന്നും അകത്തോട്ട് കുഞ്ഞിരാമൻ നായനാരുടെ വീടും കഴിഞ്ഞുള്ള വഴി ഒരു കുന്നിലേക്കുള്ള കയറ്റമാണ്. മുമ്പ് കുറുക്കന്മാരും കുറു നരികളും അവർക്ക് കൂട്ടായി കുറച്ചു ചാരായ വാറ്റുകാരും താമസിച്ചിരുന്ന കാട് നിറഞ്ഞ ഒരു കുന്ന്. കുന്നാണെങ്കിലും ആള് പേരിലൊരു മലയാണ്. കുണ്ടൂർ മല. കിഴക്ക് മനോഹരമായ മല നിരകളും പടിഞ്ഞാറ് സുന്ദരിയായ അറബിക്കടലും അതിനു കുറച്ചു മാറി ധർമടം പുഴയും കാണാൻ പറ്റുന്ന നയന മനോഹരമായ ഒരിടം. ഈ മനോഹരമായ കുന്നിനു പുറത്താണ് പിന്നീട് അക്ഷരങ്ങൾ മുളച്ചു പൊങ്ങിയ തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കപ്പെട്ടത്.

ജീവിതത്തിലെ ഏറ്റവും മനോഹരമായ നാല് വർഷങ്ങൾ ജീവിച്ചു തീർത്ത ഇടം. ഒരിക്കലും തിരിച്ചു നടക്കാൻ സാധിക്കില്ലെങ്കിലും വീണ്ടും വീണ്ടും തിരിച്ചു നടക്കാൻ ഓർമ്മകൾ പ്രേരിപ്പിക്കുന്ന ഇടം. എന്നെ പോലുള്ളവരുടെ മറക്കാനാവാത്ത ഒരുപാട് ഓർമകളുടെ പ്രേതങ്ങൾ ഇപ്പോഴും അലഞ്ഞു തിരിയുന്ന ഒരു പ്രദേശം. പഴയ കാന്റീനടുത്തു പരസ്പരം കെട്ടിപിടിച്ചു നിന്നിരുന്ന കശുമാവിന്റെ കൊമ്പുകളിൽ ഇരുന്നു പങ്കുവെച്ച ഇന്നും നില നിൽക്കുന്ന സൗഹൃദങ്ങൾ. മെക്കാനിക്കൽ ബ്ലോക്കിന്റെ പുറകു വശത്തെ വാട്ടർ ടാങ്കും പരിസരവും, അവിടെ നടന്ന യൂണിറ്റ് കമ്മിറ്റികൾ, അടി പിടി കേസുകളുടെ ഒത്തു തീർപ്പുകൾ, ഗ്രൗണ്ടിന് താഴെ ഉള്ള നരിമടകൾ, നാല് വർഷത്തിൽ വളരെ കുറച്ചു മാത്രം കയറിയ കമ്പ്യൂട്ടർ സയൻസിലെ ക്ലാസ് മുറികൾ, അതിനേക്കാൾ കൂടുതൽ സമയം ചെലവഴിച്ച ചെറുഗുവേരയും ഭഗത് സിങ്ങും ഒക്കെ ഉള്ള വിപ്ലവത്തിന്റെ ഗന്ധമുള്ള യൂണിയൻ ഓഫിസ്, ആദ്യമായി പ്രസംഗിച്ച ക്ലാസ് മുറികൾ, ആർട്സ് ഫെസ്ടിവലുകൾ, ഞങ്ങളെ പോലെ തല തെറിച്ചവരോട് വീറോടും വാശിയോടും കൂടി പൊരുതിയ പ്രിയപ്പെട്ട പ്രിൻസിപ്പൽ സുഗതൻ സർ, പലതവണ തോൽപ്പിക്കാൻ ശ്രമിച്ച ചുരുക്കം ചില അധ്യാപകർ, അതിനിടയിലും ഒരു പാട് പിന്തുണച്ച ഹൃദയത്തോട് ചേർത്ത വെക്കുന്ന മറ്റു ചില പ്രിയപ്പെട്ട അധ്യാപകർ, സൗഹൃദങ്ങൾക്ക് പിശുക്കു കാണിക്കാതിരുന്ന ക്ലാസ്സ്‌മേറ്റ്സ്, എല്ലാറ്റിലും മീതെ വാക്കുകൾ കൊണ്ട്‌ വിവരിക്കാനാവാത്ത വിധം അപ്പോഴും ഇപ്പോഴും പ്രിയപ്പെട്ട എന്റെ സഖാക്കൾ.
വർഷങ്ങൾക്ക് ശേഷം ഒരു ചിത്രം ഓർമകളിലേക്ക് വീണ്ടും കൈ പിടിച്ചു നടത്തുകയാണ്. ക്യാമ്പസ്സിനകത്ത് ഞങ്ങൾക്ക് കാണാൻ ഒരു കാഴ്ചയും ബാക്കിയില്ല എന്ന അഹങ്കാരത്തെ പൊളിച്ചെഴുതുന്ന ഒരു ചിത്രം, ആ ചിത്രത്തോടോപ്പോം ഞാനും നടക്കുന്നു, എന്റെ പ്രിയപ്പെട്ട വഴികളിലൂടെ....

Monday, December 3, 2012

ഭൂമിയുടെ അവകാശികള്‍.....


തലയ്ക്ക് ചുറ്റും
വട്ടമിട്ടു പറക്കുന്നു
ശവം തീനി കഴുകന്മാര്‍...

വരി വരിയായി വന്നെന്നെ
അരിച്ചെടുക്കുവാന്‍ തുടങ്ങി-
യിരിക്കുന്നു ഉറുമ്പുകള്‍...

കണ്ണിലും മൂക്കിലും
അലോസരമുണ്ടാക്കി
മൂളി പറക്കുന്ന
ഈച്ചകള്‍...

മനുഷ്യരും
തിരക്കിലായിരുന്നു...

ആരൊക്കെയോ ചേര്‍ന്ന്
വെട്ടി വീഴ്ത്തുന്നു
ഞാന്‍ നട്ടു വളര്‍ത്തിയ
തെക്കേതിലെ മാവിനെ...

ചിലര്‍ എന്നെ കുളിപ്പിക്കുന്ന
തിരക്കില്‍, മറ്റു ചിലര്‍
ചിതയോരുക്കുന്ന തിരക്കിലും...

നിലവിളിച്ചു കൊണ്ടിരിക്കുന്ന
എന്റെ കയ്യും കാലുകളും
ആരിക്കെയോ ചേര്‍ന്ന്
മുറുക്കെ കെട്ടുന്നു...

ഒടുവില്‍ ഉറ്റവര്‍
ചേര്‍ന്നെന്നെ ചിതയി-
ലെക്കെടുക്കുന്നു..

ഇതിനിടയിലെപ്പോഴോ
ഞാന്‍ വിളിച്ചു പറയാന്‍
ശ്രമിക്കുന്നുണ്ടായിരുന്നു
“ഞാന്‍ മരിച്ചിട്ടില്ല എന്ന്”

എവിടെ നിന്നോ മറുപടി
പോലൊരു അശരീരി
കേട്ടു  ഞാന്‍...

“മനസ്സ് മരിച്ചവന്റെ
ശരീരത്തിനു ഭൂമിയില്‍
ജീവിക്കാനുള്ള
അവകാശമില്ലെന്ന്”

Saturday, September 22, 2012

തടവറ


­­­­­ഇരുണ്ട തടവറകളിലാണ്‌
നാം എല്ലായ്പോഴും...
കരിഞ്ഞു പോയ സ്വപ്‌നങ്ങള്‍
നിറഞ്ഞു  കറുത്ത് പോയ
ആകാശത്തിനും,
കറുത്ത മനസ്സുള്ള മനുഷ്യരെ
 കൊണ്ട് നിറഞ്ഞു പോയ
ഭൂമിയിക്കും ഇടയില്‍ ആരോ
സൃഷ്ടിക്കുന്ന തടവറകളില്‍
അകപ്പെടുന്നു നമ്മോടോപ്പോം
നമ്മുടെ സ്വപ്നങ്ങളും...
കറുത്ത് പോയ അനേകം
സ്വപ്നങ്ങളുടെ വെളുത്ത
പ്രേതങ്ങള്‍ മോക്ഷം തേടി
അലയുന്നുണ്ടിപ്പോഴും ആ
ഇരുണ്ട തടവറകളില്‍...
തടവറകള്‍ നാം തന്നെ
പണിതുയര്‍ത്തിയവയാവാം,
നമ്മുടെ സ്വപ്‌നങ്ങള്‍ കൊണ്ട്....
അതുമല്ലെങ്കില്‍ ആരുടെയോ
സ്വപ്നങ്ങള്‍ക്ക് വേണ്ടി
അവര്‍ തീര്‍ക്കുന്നതാവം,
നമുക്കായി, ഇരുണ്ട തടവറകള്‍...

Saturday, May 12, 2012

ചക്രവാളം

ആഗ്രഹങ്ങള്‍
ആകാശമാണ്...
അതിരുകളില്ലതിനു...
എങ്കിലും
പറക്കുന്നു ഞാന്‍,
അതിരുകള്‍ തേടി,
ഒരു കുഞ്ഞു
പക്ഷിയെ പോലെ...
അകന്നു പോകുന്നു 
എന്നില്‍ നിന്നും 
അതിരുകള്‍ ...
പക്ഷെ, പറന്നു 
കൊണ്ടേയിരുന്നു...
ലക്‌ഷ്യം ചക്ര-
വാളങ്ങള്‍ക്ക്‌ 
അപ്പുറമാവാം ...
ഏഴാം കടലി-
നക്കരെയുമാകാമത്..
ഏത്താനവില്ലെ-
നിക്കവിടെ...
ചിറകു കരിഞ്ഞു 
വീണേക്കാം,
നടുകടലില്‍.........
പക്ഷേ....
പറ ക്കാതിരിക്കാ-
നാവില്ലെനിക്ക്...
കാരണം ,
ഒരു മനുഷ്യനാണ്
ഞാനും...



Saturday, November 5, 2011

തകര്‍ന്നു പോയത്....

ചിതറിയ ശവങ്ങള്‍ 
കൊത്തി പറക്കുന്നു കഴുകന്‍...
പുഴുവരിക്കുന്നു
പിഞ്ചു കുഞ്ഞിന്‍ ദേഹവും...
ശവ കൊതി തീരാതെ
പറക്കുന്നു വിമാനങ്ങള്‍...
ബോംബുകള്‍ തകര്‍ക്കുന്നു 
ജീവന്‍റെ തുടിപ്പിനെ...
പറക്കുന്നു മിസ്സൈലുകള്‍ 
തലമുകളിലൂടെ...
ചോര മണമാണ് 
എനിക്ക്  ചുറ്റും...
തകര്‍ത്തേക്കാം എന്നിലെ 
ജീവനെയും, ഒരു ബുള്ളെറ്റ്...
നടക്കനവില്ലെനിക്ക്, ഇനിയും,
ഈ യുദ്ധ ഭൂമിയിലൂടെ...
വഴി നടക്കവേ കണ്ടു ഞാന്‍,
എന്നെ ഞാനാക്കിയ ബന്ധു ജനങ്ങളെ...
കണ്ടു ഞാനെന്‍ മാതൃത്വത്തെ,
സ്നേഹമയാം അമ്മയെ...
ഓര്‍ത്തു പോയി ഞാനെന്‍ 
ബാല്യം, അമ്മയോടോപ്പമുള്ള ബാല്യം...
അടുത്ത് തന്നെ കണ്ടു 
ഞാനെന്‍ അച്ഛനെയും...
ജീവിക്കാന്‍ എന്നെ 
പഠിപ്പിച്ച  എന്‍റെ അച്ഛനെ...
മുന്നോട്ട് നീങ്ങവേ കണ്ടു,
ഞാനെന്‍ പ്രിയതമയെ...
സ്നേഹിക്കാന്‍ എന്നെ 
പഠിപ്പിച്ച എന്‍റെ പ്രിയതമയെ....
തൊട്ടടുത്ത്‌ തന്നെ കിടക്കുന്നു,
എന്‍റെ മക്കള്‍...
ചിതറിയെങ്കിലും  തുടിക്കുന്ന 
ഹൃദയവുമായി...
ചിത്ര ശലഭം പോലുള്ള 
എന്‍റെ  മക്കള്‍...
ഓര്‍ത്തു പോയി ഞാനെന്‍ 
ബാല്യവും കൌമാരവും...
ഭൂമിയിലെ ഈ സ്വര്‍ഗ്ഗ 
കവാടത്തിലെ....
സ്നേഹമയം ബാല്യവും,
തീക്ഷനമാം കൌമാരവും,
വാത്സല്യം നിറഞ്ഞ വാര്‍ദ്ധക്യവും 
നഷ്ടപ്പെടുന്നു,എല്ലാം 
ഇന്നത്തെ തലമുറയ്ക്ക്... 
ബന്ധു ജനങ്ങളെ പരത്തി നടക്കവേ ,
ഏതോ ഒരു നിമിഷം,
തകര്‍ത്തു എന്‍റെ ജീവനെയും,
വഴി മാറി വന്ന ഒരു ബുള്ളെറ്റ്...

Wednesday, September 7, 2011

തിരിച്ചറിവ്...

പ്രണയത്തിനു കണ്ണിലെന്നു
ധരിച്ചിരുന്നു ഞാന്‍....
നട്ടുച്ച വെയിലില്‍ മരത്തണലില്‍
കൈകള്‍ പരസ്പരം ചേര്‍ത്തുവെച്
ഹൃദയങ്ങള്‍ പരസ്പരം കൈമാറാന്‍ 
ഒരുങ്ങവേ അവളെന്നെ തിരുത്തി...

ഞാന്‍ സുന്ദരിയും 
നീ വിരൂപനുമാനെന്ന്‍...
ഞാന്‍ ഹിന്ദുവും
നീ മുസ്ലിമുമാനെന്ന്‍...
ഞാന്‍ നായരും 
നീ പുലയനുമാനെന്ന്‍...
ഞാന്‍ ധനികനും 
നീ ദരിദ്രനുമാനെന്ന്‍...

ഞാന്‍ മനസ്സിനെക്കുറിച്ച് 
സംസാരിക്കുമ്പോള്‍ 
അവള്‍  സൌന്ദര്യത്തെക്കുറിച്ച് 
സംസാരിച്ചു... 

ഞാന്‍ പ്രണയത്തെക്കുറിച്ച് 
സംസാരിക്കുമ്പോള്‍ 
അവള്‍  മതത്തെക്കുറിച്ച് 
 സംസാരിച്ചു...

ഞാന്‍ സ്വപ്നങ്ങളെക്കുറിച്ച് 
സംസാരിക്കുമ്പോള്‍ 
 അവള്‍  പണത്തെക്കുറിച്ച് 
സംസാരിച്ചു... 

വിയര്‍ത്തു പോയി എന്റെ 
പ്രണയം മരച്ചുവട്ടിലെ
തണലില്‍ പോലും....

ആ മര ചുവട്ടില്‍ ഹൃദയങ്ങള്‍
കൈമാറാന്‍ ഒരുങ്ങിയ 
എന്നെ അവള്‍ പഠിപ്പിച്ചു...

പ്രണയത്തിനു കണ്ണ് മാത്രമല്ല, 
ജാതിയും മതവും പണവുമുണ്ടെന്ന്.....

Sunday, August 28, 2011

മാതസ്എക്സാം

                  ശരിക്കും പറയുകയാണേല്‍ ബി.ടെക് എന്നല്ല,ബി.ഇ എന്ന് തന്നെ പറയണം. കാരണം ബാച്ചിലര്‍ ഓഫ് എക്സാം ആയി മാറും 4 വര്‍ഷങ്ങള്‍ കൊണ്ട് നമ്മള്‍... അത് കൊണ്ട് തന്നെ എക്സാം എന്ന് പറഞ്ഞാല്‍ പുല്ലു വിലയുള്ള കാലം...ഒരു വരി പോലും പഠിക്കാതെ എക്സാം എഴുതുന്നതും,എക്സാം സ്കൂട്ട് ചെയുന്നതും എല്ലാം നല്ല ശീലം... ആരാണ് ഏറ്റവും കുറഞ്ഞ മാര്‍ക്ക് മേടിക്കുക എന്ന കാര്യത്തില്‍ ആണ്‍ കുട്ടികള്‍ക്കിടയിലും ആര്‍ക്കാണ് കൂടുതല്‍ മാര്‍ക്ക് എന്ന കാര്യത്തില്‍ പെണ്‍കുട്ടികള്‍ക്കിടയിലും ഒരു മത്സരം തന്നെ നില നിന്നിരുന്നു എന്ന് പറയാം...
                 കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആകാനുള്ള ത്രീവ ശ്രമത്തിന്റെ മൂന്നാം സെമെസ്റെരിലെ ആദ്യ സീരീസ്‌ എക്സാം നടക്കുന്ന സമയം.. പതിവ് പോലെ മാതസ് എക്സാമിന്റെ തലേ ദിവസം, പഠിക്കാന്‍ തുടങ്ങുമ്പോഴേക്കും വൈകുന്നേരം ആയി, 8  മണി വരെ മൂക്കും കുത്തി probablitiy ഇലും distribution ഇലും മുങ്ങി തപ്പിയെങ്ങിലും പേരിനു പോലും ഒരു മുത്തു പോലും കിട്ടിയില്ല.. ആകെ ഓര്മ വരുന്നത് മാതസ് ക്ലാസില്‍ കുഞ്ഞി കൃഷ്ണന്‍ സര്‍ അച്ഛനെ തെറി വിളിക്കുന്ന രംഗം മാത്രമാണ്...
                           "GO TO YOUR HOME AND ASK YOUR FATHER "
                ഇതാണ് അങ്ങേരുടെ സ്ഥിരം ഡയലോഗ്.. എക്സ്സമിന് മാര്‍ക്ക് കുറഞ്ഞ വെറുതെ വീട്ടിലിരിക്കുന്ന ഉപ്പാനെ തെറി വിളിക്കുനത് കേള്‍ക്കേണ്ടി വരുമല്ലോ പടച്ചോനെ എന്ന് മനസ്സില്‍ കരുതി പഠിക്കാനിരുന്നു. അര മണിക്കൂര്‍ കഴിയുമ്പോഴേക്കും ഞാന്‍ മനസ്സിലാക്കി, ഇത് എന്നെ കൊണ്ട് പറ്റിയ പണിയെല്ല എന്ന്... പിന്നെ ബുക്കും പൂട്ടി വെച്ച മര്യാദക്ക് പഠിക്കുന്ന മിഥുനെയും ജോജോയെയും ശല്യപ്പെടുത്താന്‍ തുടങ്ങി.. 15  മിനിറ്റ് പോലും വേണ്ടി വന്നില്ല എനികെന്റെ ലക്‌ഷ്യം നേടാന്‍... അവരും പഠിത്തം മതിയാക്കി.. അപ്പൊ എന്റെ മനസ്സില്‍ വല്ലാത്ത ആശ്വാസം തോന്നി..പിന്നെ PROBABLITY ഭഗവാനെ മനസ്സില്‍ ഓര്‍ത്തു കൊണ്ട് ചീട്ടു കളിയ്ക്കാന്‍ തുടങ്ങി.. 
                 പുലരും വരെ ചീട്ടും കളിച് കുളിച് ഉറക്ക ചടവില്‍ മോഞ്ഞന്മാര്യി ഞങ്ങള്‍ കോളേജില്‍  എത്തി. QUESTION PAPER കയ്യില്‍ കിട്ടിയതും സകല തള്ള് ദൈവങ്ങളെയും മനസ്സില്‍ ഓര്‍ത്തു കൊണ്ട് തളളാന്‍ തുടങ്ങി. പക്ഷെ മാതസ് എക്സാം അല്ലെ? തള്ളുന്നതിനും ഒരു  ലിമിറ്റ് ഇല്ലേ? പരീക്ഷ എന്ന മഹത്തായ കര്‍മം അര മണിക്കൂര്‍ കൊണ്ട് നിര്‍വഹിച് പുറത്തിറങ്ങി, 2 മണിക്കൂര്‍ എടുത്ത് എക്സാം എഴുതുന്ന ബാക്കി മണ്ടന്മാരെ പുചിച്ചു കൊണ്ട്...                         
                       അങ്ങനെ എക്സാം ഒക്കെ കഴിഞ്ഞ സര്‍ ഒരു ദിവസം ക്ലാസ് എടുത്ത് കൊണ്ടിരിക്കെ പറഞ്ഞു"എക്സാം പേപ്പര്‍ വേണ്ടവര്‍ സ്റാഫ് റൂമില്‍ വന്നു മേടിക്കണം എന്ന്... 50 / 50  കിട്ടും എന്ന് ഉറപ്പ് ഉണ്ടായിരുന്നതിനാല്‍ അന്ന് തന്നെ പോയി പാപ്പേര്‍ മേടിക്കാന്‍...
                 ഞാന്‍ മെല്ലെ സ്റാഫ് റൂമിന്റെ ഡോറില്‍ തട്ടി,അപ്പൊ സര്‍ എന്നെ നോക്കി ആന്ഗ്യ ഭാഷയില്‍ എന്താ എന്ന് ചോദിച്ചു, വിനീത വിധേയന്‍ ആയി ഞാന്‍ പറഞ്ഞു "സര്‍, പേപ്പര്‍"
                 സര്‍ മുഖം ഉയര്‍ത്തി എന്നെ നോക്കിയിട്ട് പേപ്പര്‍ കെട്ടുകള്‍ തപ്പിയെടുത് എന്നെ നോക്കി ചോദിച്ചു,"എത്ര കിട്ടും?
ഞാന്‍: 50 കിട്ടേണ്ടതാണ്,കുറഞ്ഞു പോയാല്‍ 45 ,അതില്‍ കുറയില്ല...
സര്‍: ഉറപ്പാണോ?
ഞാന്‍:അതെ, ഉറപ്പാണ്‌ സര്‍...
സര്‍:വീട്ടില്‍ തൂമ്പ ഇരിപ്പുണ്ടോ?
ഞാന്‍:ഉണ്ട് സര്‍, എന്തെചോദിച്ചത്?
 സര്‍: കിളയ്ക്കാന്‍,തനിക്കൊക്കെ അതാ നല്ലത്,പറമ്പില്‍ പോയി താനൊക്കെ അതിനു തെങ്ങിന് വളം ഇട്ടാല്‍ അതെങ്ങിലും നന്നാകും..ബി.ടെക് പഠിക്കാന്‍ വന്നിരിക്കുന്നു, തനിക്കൊക്കെ പറ്റിയ പണി കിളക്കാന്‍ പോകലാ ,45 പോയിട്ട് നാലര പോലുമില്ല തനിക്ക്, ഇതാ പിടിക്ക് തന്റെ പേപ്പര്‍ ......................................................................................................................................................................
.....................................................................................................................................................................
പിന്നീട് അങ്ങോട്ട് 10 മിനുട്ടോളം തെറിയുടെ പൂരം ആയിരുന്നു...                       
                അപമാന ഭാരത്താല്‍ കുനിഞ്ഞു പോയ മുഖവും കയ്യില്‍ ചുരുട്ടി പിടിച്ച പേപ്പര്‍  ഉം ആയി ഞാന്‍ പുറത്തിറങ്ങി... കലങ്ങിയ കണ്ണുകളോടെ ഞാന്‍ പേപ്പറില്‍ നോക്കി.. ആദ്യം മാര്‍ക്ക് തന്നെ നോക്കി.. 2.5/50.. പെട്ടെന്നാണ് ഞാന്‍ ആ കാഴ്ച കണ്ടത്... പേപ്പര്‍ എന്റേതല്ല.. സാറിനോട് പേപ്പര്‍ മാറി പോയിരിക്കുന്നു..
                ലോകം കീഴടക്കിയ ഭാവത്തോടെ ഞാന്‍ സ്റ്റാഫ്‌ റൂമിലേക്ക് കയറി സാറിനോട് കാര്യം പറഞ്ഞു... നന്നായി പഠിക്കുന്ന ഒരു കുട്ടിയെ വെറുതെ ചീത്ത പറഞ്ഞു എന്നോര്‍ത്ത് കുറ്റബോധത്താല്‍ സാറിന്റെ മുഖം താഴ്ന്നു.. ചെയറില്‍ നിന്ന് എഴുന്നേറ്റു വന്ന എന്റെ തോളില്‍ തട്ടി സര്‍ പറഞ്ഞു...
          " എനിക്കറിയാം, താന്‍ എങ്ങനെ ആവില്ല എന്ന്, താന്‍  ക്ഷമിക്കെടോ..തന്റെ പേപ്പര്‍ ആണെന്ന് കരുതിയ ഞാന്‍ ചീത്ത പറഞ്ഞത്.. അത് വിട്ടേക്ക്"
                   ഇത് കേട്ട ഞാന്‍ അകം മുഴുവന്‍ സാറിനെ തെറി വിളിച്ചെങ്കിലും അത് പുറത്തു കാണിക്കാതെ പറഞ്ഞു," കുഴപ്പമില്ല സര്‍"
     സര്‍ വീണ്ടും പേപ്പര്‍ കെട്ടുകള്‍ പരതാന്‍ തുടങ്ങി, എന്റെ  പപ്പെരിനായി.പപ്പേര്‍ തപ്പിയെടുത് അതില്‍ നോക്കിയതും സാറിന്റെ മുഖ ഭാവം മാറുന്നത് ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. പക്ഷെ ഒന്നും പറയാതെ പേപ്പര്‍ എന്റെ കയ്യില്‍ തന്നിട്ട്  സര്‍ എന്നോട് പുറത്തു പോകാന്‍ ആന്ഗ്യം കാണിച്ചു..
                പുറത്തിറങ്ങിയ ഞാന്‍ ആദ്യം നോക്കിയത് പേപ്പര്‍ എന്റേത് തന്നെയാണോ എന്നാണ്, ഭാഗ്യം എന്റേത് തന്നെയാണ്... പിന്നെ എന്റെ കണ്ണുകള്‍ പരതിയത് മാര്‍ക്ക് ആയിരുന്നു. അത് കണ്ട എന്റെ 2 കണ്ണുകളും പുറത്തേക്ക തള്ളി... 1/2 / 50 .... അന്‍പതില്‍ അര മാര്‍ക്ക്..

Sunday, August 7, 2011

സാമ്പത്തിക പ്രതിസന്ധി

         "എഞ്ചിനീയര്‍ ആയ ജോലി ഉറപ്പാ..അതും കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍"  2005 , +2  പാസ് ആയി നില്‍ക്കുന്ന സമയം.. എഞ്ചിനീയര്‍ ആകണോ, ഡോക്ടര്‍ ആകണോ, അല്ലേല്‍ ഡിഗ്രിക്ക് പോകണോ, എന്നൊക്കെ ആലോചിച് ത്രിശങ്കു സ്വര്‍ഗത്തില്‍ നില്‍ക്കുന്ന സമയം... നാട്ടുകാരും വീട്ടുക്കാരും ഒരേ ഉപദേശം..."ഇപ്പൊ ഡിമാണ്ട് ഐ ടി ക്കാ... അത് കൊണ്ട് ഐ ടി അല്ലേല്‍ സി എസ് പഠിച്ച മതി..." അവന്റെയൊക്കെ ഉപദേശം കേട്ടാല്‍ തോന്നും പത്തു തവണ ബി.ടെക് പാസ് ആയതാ  എന്ന്... എങ്കിലും എല്ലാവരുടെയും വാക്കുകള്‍ കേട്ടപ്പോ അറിയാതെ ഇന്ഫോസോസും മൈക്രോസോഫ്റ്റും ഒക്കെ എന്റെ മനസ്സിനെയും കോരി തരിപ്പിച്ചു.. ഒടുവില്‍ ബി.എസ് സി ഫിസിക്സ്‌ പഠിക്കണം എന്ന് ആഗ്രഹിച്ഗ ഞാനും വീണും എഞ്ചിനീയറിംഗ് എന്നാ മോഹ വലയത്തില്‍...
          എഞ്ചിനീയറിംഗ്  ചേരാം എന്ന് തീരുമാനിച്ചു...എവിടെ ചേരും..? അതൊരു ചോദ്യമായി ദാമോക്ലെസിന്റെ വാള് പോലെ എന്റെ തലയ്ക്കു മുകളില്‍ നിന്നു.. ഏതായാലും ഗവണ്മെന്റ് കോളേജില്‍ ഒന്നും കിട്ടില്ല.. അപ്പോഴാണ് വീടിന്റെ അടുത്തുള്ള ചേട്ടന്‍ തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന കാര്യം ഓര്മ വന്നത്.ഉടന്‍ വിട്ടു ചേട്ടന്റെ അടുക്കലേക്ക്...ഞാന്‍ ചോദിച്ചു,"ചേട്ടാ കോളേജ് എങ്ങനെ? " നല്ല ബെസ്റ്റ് കോളേജ് ആണെടാ.. placement ഉറപ്പാ...കേട്ട പാതി,കേള്‍ക്കാത്ത പാതി,  ഞാന്‍ തീരുമാനിച്ചു..തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് മതി...4 വര്ഷം കഴിയുമ്പോ ഞാന്‍ ആരാ? എഞ്ചിനീയര്‍... അതും കമ്പ്യൂട്ടര്‍ സയന്‍സ്..ശമ്പളം 25000  നു മുകളില്‍... ആഹാ.. എന്ത് നല്ല സ്വപ്‌നങ്ങള്‍...
       ഈ സ്വപ്‌നങ്ങള്‍ ചുമലില്‍ ഏറ്റി കൊണ്ടാണ് കുണ്ടൂര്‍  മല ചവിട്ടി കയറിയത്... ആദ്യത്തെ കുറച്ചു ദിവസം എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു..2  ആഴ്ച കൊണ്ട് തന്നെ എല്ലാം നഷ്ടപ്പെട്ടു..പിന്നീട് ഒരു യാത്ര ആയിരുന്നു... 4  വര്‍ഷത്തെ നീണ്ട ഒരു യാത്ര...ഇതിനിടയില്‍ വിവരം ഉള്ളവരും അതിനെക്കാള്‍ കൂടുതല്‍ വിവരം ഇല്ലാത്തവരും വന്നു പഠിപ്പിച്ചു.. പക്ഷെ എനിക്ക് വിവരം ഒന്ന് വന്നില്ല... 
       3rd ഇയര്‍ കഴിഞ്ഞു..... ഇനി അങ്ങോട്ട് placement കൊണ്ട് പൊറുതി  മുട്ടും..ഇതു കമ്പനി വേണം എന്ന് തീരുമാനിച്ച മതി..തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിലെ ബുദ്ധിമാന്മാരായ എഞ്ചിനീയര്‍ മാരെ തേടി മൈക്രോസോഫ്ട്‌,ഐ ബി എം,ഗൂഗിള്‍,യാഹൂ,തുടങ്ങിയ കമ്പനികള്‍ ക്യൂ നില്‍ക്കുന്ന സമയം.. ഞങ്ങള്‍ കിട്ടുന്ന ശമ്പളം എങ്ങനെ ചെലവ് ചെയ്യണം എന്ന് അന്ന് വരെ പ്ലാന്‍ ചെയ്തു കൊണ്ട് ഫൈനല്‍ ഇയര്‍ ക്ലാസ്സിലേക്ക് കാല്‍ എടുത്തു വെച്ചതും അതാ കേള്‍ക്കുന്നു 
                                      "സാമ്പത്തിക പ്രതിസന്ധി"
      അമേരിക്ക പോലും സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് ആദി ഉലയുകയാനത്രേ.. പിന്നെയല്ലേ ഈ അമേരിക്കയെ ആശ്രയിച്ചു പൊറോട്ടയും ബീഫും കഴിക്കുന്ന ഇന്ത്യന്‍ ഐ ടി കമ്പനികള്‍.. ഒരു കമ്പനി പോലും ഇന്റര്‍വ്യൂവിനു വരാതെ ഞങ്ങള്‍ ബി.ടെക് പാസ്‌ ആയി..
       പേരിനു പിന്നില്‍ എഞ്ചിനീയര്‍ എന്നാ വാലുമായി പുറത്ത് ഇറങ്ങി... പല കമ്പനികളുടെയും വാതിലുകള്‍ ചെന്ന് മുട്ടി.. ഒരു ജോലിക്ക് ആയി...പക്ഷെ ആര്‍കും വേണ്ട ഒരു എങ്ങിനീരെ... എന്ത് ചെയ്യും..? കാത്തിരിക്കാനും പറ്റില്ല...2010 ആകുമ്പോ പുതിയ ബാച്ച്  പാസ്‌ ഔട്ട്‌ ആകും.. അപ്പൊ ഞങ്ങളെ ആര്‍ക്കും വേണ്ട്താകും...ഞങ്ങള്‍ അപ്പൊ out dated ആയി പോകുമത്രേ..
     അങ്ങനെ out dated  ആവതിരിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ വീണ്ടും പഠിക്കാം എന്ന് തീരുമാനിച്ചു..അങ്ങനെയാണ് എം.ടെക് എന്ന മോഹം മനസ്സില്‍ ഉദിക്കുന്നത്..ഒടുവില്‍ ഒരു വര്ഷം തെണ്ടി നടന്ന  ശേഷം എം.റെചിനു ചേര്‍ന്നു... 2012 ഇല്‍ പാസ്‌ ഔട്ട്‌  ആകുമ്പോഴേക്കും ഐ ടി   ഫീല്‍ഡ് കുതിച്ചുയര്‍ന്നു ബുര്‍ജ് ഖലീഫ പോലെ ഉയര്‍ന്നു നില്‍ക്കും എന്ന പ്രതീക്ഷയോടെ...
      ആ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തി കൊണ്ട് റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നു ഐ ടി ഫീല്‍ഡ് കഴിഞ്ഞ വര്ഷം.. പക്ഷെ വീണ്ടും കേള്‍ക്കുന്നു,ലോകം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാനു എന്ന്... ഇന്ത്യ വിട്ട റോക്കറ്റ് പോലെയാകുമോ ഐ ടി ? അത് പോലെ ഐ ടി ഫീല്‍ഡ് താഴെ വീണു ചിതറുമ്പോ തകരുന്നത് പതിനായിര കണക്കിന എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ജീവിതവുമാണ്... കൂടെ എന്റെയും....

Friday, June 3, 2011

ലാബ്‌ എക്സാം

                "വേഗം നടക്കെടാ...., ഒന്നുമില്ലേല്‍ external  ലാബ്‌ എക്സാം അല്ലെ?  മിക്കവാറും അടുത്ത തവണ എഴുതേണ്ടി വരും" ഞങ്ങള്‍ 3  പേരും കുണ്ടൂര്‍ മല ചവിട്ടി കയറുമ്പോഴും കൂട്ടത്തില്‍ അല്പമെങ്കിലും പഠിക്കണം എന്ന് വിചാരമുള്ള,പഠിപ്പിസ്റ്റ് ആണെന്ന് മറ്റുള്ളവരെ കാണിക്കുന്ന ഒന്നാമന്‍  പിറു പിറുത്തു കൊണ്ടിരുന്നു.... " താനാ കരി നാവെടുത്തു വളക്കാതെ, എല്ലാം ശരിയാകും "എന്ന്  പറഞ്ഞു ഞാന്‍ അവനെ ആശ്വസിപ്പിക്കുമ്പോഴും പൊതുവേ അലസനായ  തടിയനു യാതൊരു കുഴപ്പവുമില്ല.. മൂപ്പര്‍  അപ്പോഴും ഏതോ കിനാവിലാണെന്ന് തോന്നുന്നു...
              "വല്ലാത്ത ഒരു ദിവസം തന്നെ,ഒരു ഓട്ടോ പോലും കിട്ടുന്നില്ലലോ. ഇന്ന് കുന്നു കയറേണ്ടി വരും" ഞാന്‍ മനസ്സില്‍ പറഞ്ഞു..സമയം ഇപ്പോള്‍ തന്നെ 9 .20 ആയി, 9 .30 നു ലാബ്‌ എക്സാമിന് കയറാന്‍ പറ്റുമെന്ന് തോന്നുന്നില്ല...
             ഓടി കിതച്ചു ഞങ്ങള്‍ മൂവരും കാന്റീനില്‍ എത്തിയപ്പോ സമയം 9 .35, നന്നായി വിശക്കുന്നുണ്ട്, രാവിലെ ഒന്നും കഴിച്ചുമില്ല, ഇന്നലെ രാത്രിയിലെ പാര്‍ട്ടിയുടെ ക്ഷീണവും വിട്ടു മാറിയിട്ടില്ല. ഇനിയിപ്പോ കാന്റീനില്‍ നിന്ന് ഒരു ചായ പോലും കുടുക്കാന്‍ സമയം ഉണ്ടെന്നു തോന്നുന്നില്ല...
            അപ്പോഴാണ് ഞങ്ങള്‍ മറ്റൊരു കാര്യം ഓര്‍ത്തത്‌. ലാബില്‍ കയറണമെങ്കില്‍ ഷൂവും കോട്ടും വേണം.. ഞങ്ങളുടെ  കയ്യില്‍ രണ്ടും ഇല്ല. ഇടി വെട്ടിയവനെ പാമ്പ് കടിച്ചല്ലോ ഭഗവാനെ...ഇനിയെന്തു ചെയ്യും? ഞങ്ങള്‍ നേരെ കാന്റീനില്‍ ബാലേട്ടന്റെ അടുത്തേക്ക് ഓടി."ബാലേട്ടാ, ആരേലും  ഇവിടെ കോട്ട് വച്ചിട്ടുണ്ടോ?"  ഞങ്ങളുടെ ഭാഗ്യത്തിന് മൂന്നു കോട്ട് ആരോ അവിടെ ഇട്ടു പോയിരുന്നു. അതും എടുത്തോണ്ട് ലാബിലേക്ക് നടന്നു. ഇപ്പോഴും  ഷൂ കിട്ടിയില്ല, പെട്ടെന്ന്‍ എനിക്കൊരു ഐഡിയ. നേരെ ഓടി സ്പോര്‍ട്സ് സെക്രട്ടറിയെ കണ്ടു സ്പോര്‍ട്സ് റൂമിന്റെ കീ മേടിച്ചു സ്പോര്‍ട്സ് റൂമിലേക്ക് ഓടി.  ഭാഗ്യം, സ്പോര്‍ട്സ് റൂമില്‍ ഫുട് ബോള്‍ ബൂട്ട് ഇരിപ്പുണ്ട്, മൂന്ന് ജോഡി ബൂട്ടുമെടുത്ത് ലാബിലെക്കോടി....
       ബൂട്ടും കോട്ടും പിന്നെ കമ്പ്ലീറ്റ്‌ ചെയ്യാത്ത റെക്കൊര്‍ഡും  എടുത്ത് സുമുഖരായി  ലാബിന്റെ മുമ്പില്‍ എത്തുമ്പോള്‍ സമയം  10.05. ബാക്കിയെല്ലാവരും  experiments  തുടങ്ങി  കഴിഞ്ഞിരുന്നു. ക്ലാസ്സിലെ തടിയനായ പഠിപ്പിസ്ടിന്റെ മുഖത്ത് ഞങ്ങളെ കണ്ടപ്പോ ഒരു പുച്ച  ഭാവം. ഞങ്ങളില്‍ ധൈര്യവാനായ  ഒന്നാമന്‍ പതുക്കെ സാറിനെ വിളിച്ചു...
ഒന്നാമന്‍: സാര്‍......
സാര്‍: എന്താ?
ഒന്നാമന്‍: ലാബ്‌ എക്സാമിന്  വന്നതാ..
സാര്‍: അതെയോ, ഞാന്‍ കരുതി ഫുട് ബോള്‍ കളിയ്ക്കാന്‍ വന്നതാ എന്ന്...
ഒന്നാമന്‍: അല്ല സര്‍, സത്യമായിട്ടും എക്സാമിന് വന്നതാ?
സാര്‍: ആണോ.? മക്കളെ സമയം എത്രയായി?
ഒന്നാമന്‍: നോക്കാന്‍ വാച്ചില്ല സര്‍...
സാര്‍: എന്നാ അവിടെ തന്നെ നിന്നോ, ഇനി അടുത്ത വര്ഷം എഴുതാം...
ഒന്നാമന്‍: സര്‍, പ്ലീസ്.....
സാര്‍: സമയം പറ
ഒന്നാമന്‍: 10 .10 
സര്‍: അതാ പറഞ്ഞെ അടുത്ത വര്ഷം എഴുതാം എന്ന്
        ഇത് കേട്ടതും രണ്ടാമന്‍ കരഞ്ഞു തുടങ്ങിയിരുന്നു.. അവന്‍ കരഞ്ഞു കൊണ്ട് സാറിന്റെ കാലു പിടിച്ചു പറഞ്ഞു..." ഇനി ആവര്‍ത്തിക്കില്ല സര്‍,ഈ തവണ എഴുതാന്‍ അനുവദിക്കണം... പ്ലീസ് സര്‍... പ്ലീസ്...
       ഇത് കണ്ട സാറിന്റെ ഹൃദയം അലിഞ്ഞെന്നു തോന്നുന്നു. സാര്‍ ഞങ്ങളെ അകത്തേക്ക് കയറ്റി വിട്ടു. മനസ്സില്‍ അറിയാവുന്ന തെറി മുഴുവന്‍ ഇന്റെര്‍ണല്‍  എക്സാമിനരെ മന്നസ്സില്‍ വിളിച്ചു കൊണ്ട് മെല്ലെ അകത്തേക്ക് കയറി ഒരു ക്ലോസ്- അപ്പ്‌ ചിരിയോടെ external എക്സാമിനരുടെ മുമ്പില്‍ ചെന്ന് നിന്നു...
    അപ്പോഴേക്കും സാറന്മാര്‍ക്ക്‌ കുടിക്കാന്‍ വേണ്ടി ചായയും പഴം പൊരിയും മേശ പുറത്ത് കൊണ്ട് വെച്ചു.അപ്പോള്‍ സാര്‍ ചിരിച് കൊണ്ട് ഞങ്ങളുടെ മുഖത്ത് നോക്കി പറഞ്ഞു..." ഇനി ഇതാവര്തിക്കരുത്, മൂന്ന് പേരും റെക്കോര്‍ഡ്‌ അവിടെ വെച്ച് ഇതെടുക്ക്.."
    ഞങ്ങള്‍ ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി. മുന്‍പിലെ മേശ പുറത്തെ ചൂടുള്ള പഴം പൊരിയും ചായയും കണ്ടു വായില്‍ വെള്ളം ഊറിയെന്കിലും മാന്യത നടിച്ചു കൊണ്ട് ഞങ്ങള്‍ പറഞ്ഞു " വേണ്ട സര്‍"
സര്‍: എടുക്കെടോ
ഞങ്ങള്‍: വേണ്ട സര്‍.
സര്‍: എടുക്കനല്ലേ പറഞ്ഞെ...
ഞങ്ങള്‍: വേണ്ടാത്തത് കൊണ്ടാ സര്‍...
   ഞങ്ങള്‍ ആകെ ധര്‍മ  സങ്കടത്തില്‍ ആയി. എന്ത് ചെയ്യും, സര്‍ വീണ്ടും വീണ്ടും നിര്ര്‍ബന്ധിക്കുകയാണ്...  ഞങ്ങലാണേല്‍ എടുക്കുന്നുമില്ല.. ഒടുവില്‍ ക്ഷമ കെട്ട് സര്‍ പറഞ്ഞു "നിങ്ങളോട എടുക്കാന്‍ പറഞ്ഞെ, അല്ലേല്‍ മൂന്നിനെയും ഞാന്‍ ഇറക്കി വിടും.."
   അത് കേട്ടതോടെ ഞങ്ങള്‍ക്ക് വേറെ രക്ഷയില്ലാതായി, മൂന്നു പേരും ഓരോ പഴം പൊരി എടുത്ത് കടിച്ചതും ഞങ്ങളുടെ റെക്കോര്‍ഡ്‌ പുറത്തേക് പറന്നതും ഒരുമിച്ചായിരുന്നു...
  " ഇറങ്ങി പോടാ മൂന്നും, question paper  എടുക്കാന്‍ പറഞ്ഞാല്‍ പഴം പോരിയാണോടാ എടുക്കുക, താനൊന്നും എക്സാം എഴുതണ്ട.. ഇറങ്ങെടാ ലാബില്‍ നിന്നും..."
 

Saturday, April 23, 2011

എന്‍ഡോസള്‍ഫാന്‍ ആര്‍ക്കു വേണ്ടി?   
81  രാജ്യങ്ങള്‍ നിരോധിച്ചിട്ടും എന്ത് കൊണ്ട് രാജ്യം ഭരിക്കുന്ന യു പി എ സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ നിരിധിക്കത്തത് എന്ത് കൊണ്ട്...? കാസര്‍ഗോഡ്‌ ജില്ലയിലെ ജനിക്കാനിരിക്കുന്ന ഓരോ കുഞ്ഞുങ്ങളെ പോലും ബാധിക്കുന്ന രീതിയില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടായിട്ടും എന്ത് കൊണ്ടായിരിക്കാം ശരധ് പവാര്‍ അത് അറിയാതെ പോയത്..? 
       പ്രകൃതി സ്നേഹം നിറഞ്ഞൊഴുകി വികസന പ്രവര്‍ത്തനങ്ങള്‍ പോലും ഒറ്റയ്ക്ക് നിന്ന് തടഞ്ഞ ജയറാം രമേഷും കൂടെയുണ്ട്.... ശരത് പവാറിന് കുട പിടിക്കാന്‍... ഇതെല്ലം കണ്ടു കൊണ്ട് യഥാര്‍ത്ഥ കുംബകര്നന്മാരായി അന്തോനിച്ചനും മന്മോഹനും...
      എന്‍ഡോ സല്ഫാന്റെ പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ സമയ പരിധി നിശ്ചയിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ ജയറാം രമേശ്‌ ഒരു കാര്യം മനസിലാക്കിയാല്‍ നന്നായിരുന്നു...10  വര്‍ഷത്തെ പഠനത്തിനു ശേഷമാണു യൂറോപ്യന്‍ യൂണിയന്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്..
      ജീവിക്കുന്ന രക്തസാക്ഷികളായി, അല്ലെങ്കില്‍ ജീവനുള്ള പഠന റിപ്പോര്‍ട്ടുകള്‍ ആയി  ഷാഹിനയും ശരണ്യയും റഫീക്കും ഒക്കെ ഉള്ളപ്പോള്‍ എന്തിനാണ് വേറെ ഒരു പഠന റിപ്പോര്‍ട്ട്... ഇനിയെങ്കിലും മനുഷ്യത്വം കുറച്ചെങ്കിലും മനസ്സില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ ദയവു  ചെയ്തു നമുക്ക് പ്രതികരിക്കാം...ഈ സാമൂഹ്യ വിപത്തിനെതിരെ ഒറ്റ കെട്ടായി... നമുക്ക് ഉറക്കെ വിളിച്ചു പറയാം...
"BAN ENDOSULFAN"


Tuesday, February 1, 2011

ആരോരില കൊത്തി വീഴ്ത്തുമീ ജലധിയില്‍... 
എത്ര വേഗത്തിലാണ് 
നമ്മുടെ തണല്‍ വഴികളിലെല്ലാം 
ഇരിപ്പിടങ്ങള്‍ ഇല്ലാതാവുന്നത് 
ശബ്ദങ്ങള്‍ മുറിഞ്ഞു താഴുന്നത് 

വാക്ക് വറ്റിയ അതിരുകളിലാണ്‌ 
മൂര്‍ച്ചപ്പെടുത്തിയ ആയുധങ്ങള്‍ 
സ്വയം പൊട്ടിതെറിക്കുക

പേടിച്ചുറഞ്ഞു പോയ 
നമ്മുടെ ഗുഹാ മൌനങ്ങള്‍ക്ക് 
മേല്‍ ആരാണ് 
ഒരില കൊത്തി വീഴ്ത്തുക?

NB: Editorial written by me in thalassery  Engineering college magazine 2007  

Saturday, December 18, 2010

പീരീഡ്‌

     

  തല മുഴുവന്‍ വിപ്ലവമുയി തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന കാലം... പതിവ് പോലെ  ഒരു ദിവസം ഉച്ചയ്ക്ക് ശേഷം ക്ലാസ്സ്‌ കട്ട്‌ ചെയ്ത് കോളേജ് കാന്റീനില്‍ 4  ചായയുമായി 8  പേര്‍ ഒരു മേശയ്ക് ചുറ്റും ഇരുന്ന്‍ കാമ്പസില്‍  എങ്ങനെ വിപ്ലവം നടത്തം എന്നതിനെ പറ്റി തല പുകഞാലോചിച്ച്      കൊണ്ടിരിക്കുകയായിരുന്നു...  
          പെട്ടെന്ന്‍ ഞങ്ങളില്‍ തല മൂത്ത സഖാവിന് ഒരു കാള്‍, പെട്ടെന്ന് ‍തന്നെ ഫോണ്‍ കട്ട്‌ ചെയ്ത് സഖാവ് മറ്റു കുട്ടി സഖാക്കളോടായി പറഞ്ഞു..."ഒരാള്‍ സീരിയസ് ആയി തലശ്ശേരി കോ-ഓപ്പ് ഹോസ്പിറ്റലില്‍ ICU വില്‍ കിടക്കുന്നുണ്ട്,അയാള്‍ക് എത്രയും പെട്ടെന്ന്‍ AB -VE രക്തം വേണം. അനീസേ ഇവനെയും കൂടി പോയി അന്വേഷിച്ച്  വാ"  മറ്റൊരു കുട്ടി സഖാവിനെ ചൂണ്ടി കാണിച്ച എന്നോടായി പറഞ്ഞു... 
         ആ കുട്ടി സഖാവും ഞാനും AB -ve  ഭൂജാതരെയും തേടി ഓഫീസിലേക്ക് നടന്നു. കൂടെയുള്ള കുട്ടി സഖാവ് ഇന്ന് വരെ ഒരു നിമിഷം പോലും മിണ്ടാതിരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.  ചെഗുവേരയുടെയും കാസ്ട്രോയുടെയും കടുത്ത ആരാധകനായ കക്ഷി നടത്തത്തിലും ചേഷ്ടകളിലും ചെഗുവേരയെ പോലെയാണെന്നും രൂപത്തില്‍  കാസ്ട്രോയെ പോലെയാണെന്നും   അവകാശപ്പെടുന്നു. ഓഫീസിന്‍റെ  കോണിപടികള്‍ കയറുമ്പോഴും കക്ഷി വിപ്ലവത്തിന്‍റെ  അനശ്വരതയെ കുറിച്ച് വാചാലനായിരുന്നു...
       ഓഫീസിലെ BIO -DATA കള്‍ നോക്കിയപ്പോ ഒരു കാര്യം മനസ്സിലായി. കോളേജില്‍ 2 പേര്‍ മാത്രമാണ് AB -VE  രക്തം ശരീരത്തിലോടുന്നവര്‍.2nd year EEE ലെ ഒരു ആണ്ക്കുട്ടിയും 1st year ECE യിലെ ഒരു പെണ്‍ കിടാവും.  പുതിയ വിഷയം കിട്ടിയെന്ന  സന്തോഷത്തില്‍  നമ്മുടെ കുട്ടി സഖാവ്     രക്ത ഗ്രൂപ്പുകളെ കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ തുടങ്ങി. അപ്പോഴേക്കും ഞാന്‍ പറഞ്ഞു "വാ, നമുക്ക് പോയി അന്വേഷിക്കാം..    
     പൊതുവേ ലോല ഹൃദയനായ നമ്മുടെ സഖാവ് പെണ്‍ കുട്ടിയുടെ അടുത്തേക്ക് ഓടി.അപ്പൊ ഞാന്‍ പറഞ്ഞു " നില്‍ക്കെടാ അവിടെ,ആദ്യം നമുക്ക് ആണ്‍കുട്ടിയെ കാണാം. മനസ്സില്ലാ മനസ്സോടെ കുട്ടി സഖാവ് എന്‍റെ കൂടെ വന്നു. EEE ബ്ലോക്കില്‍ അര മണിക്കൂര്‍ അലഞ്ഞ ശേഷം ഞങ്ങള്‍ AB -VE  ഭൂജാതനെ കണ്ടെത്തി. കക്ഷിക്ക് സുഖമില്ലത്രേ, അതോണ്ട് കൊടുക്കാന്‍ പറ്റില്ല എന്ന്‍ തീര്‍ത്ത് പറഞ്ഞു.ഒടുവില്‍ ഞങ്ങള്‍ 1st year ലെ പെണ്‍ കുട്ടിയെ കാണാന്‍ തീരുമാനിച്ചു.
   ക്ലാസ്സ്‌ ടൈം ആയത് കൊണ്ട് പെണ്‍ കുട്ടിയെ ക്ലാസ്സില്‍ നിന്ന്‍ വിളിച്ചിറക്കി കുട്ടി സഖാവ് കാര്യം അവതരിപ്പിച്ചു.

പെണ്‍കുട്ടി: എനിക്ക് പറ്റില്ല.
സഖാവ്: അതെന്താ?
പെണ്‍കുട്ടി: എനിക്കിപ്പോ പറ്റാത്തത്  കൊണ്ടാ, അല്ലേല്‍ കൊടുക്കായിരുന്നു.
സഖാവ്:അതെന്താടോ നിനക്ക് കൊടുക്കാന്‍ പറ്റാതെ?  നീ കാര്യം പറയെടോ.
പെണ്‍കുട്ടി: അത്... അത്.... ഒന്നൂല...എനിക്കിപ്പോ പറ്റില്ല,. അത്ര തന്നെ..
സഖാവ്: നീ അങ്ങനെ പറയരുത്, രക്തദാനം എന്നാല്‍  ജീവദാനമാണ്.    ...........................................
........................................................................................................................................................................................................... .......................................................................................................................................................................................................
               സഖാവ് രക്ത ദാനത്തെ കുറിച്ച് വാചാലനായി തുടങ്ങി. പൊതുവേ ബോറെനായ കുട്ടി സഖാവിനെ ആ കുട്ടിക്കും ബോറടിച്ച് തുടങ്ങിയിരുന്നു.
ഒടുവില്‍ മറ്റു    രക്ഷയില്ലാതെ       അവള്‍ പറഞ്ഞു...
                                                     "എനിക്കിപ്പോ  പീരീഡ്‌ ആണ്..." 
           പിന്നീടവിടെ കേട്ടത് കുട്ടി സഖാവിന്‍റെ ആക്രോശമായിരുന്നു....
"പ്ഫാ...... നിന്‍റെയൊരു   പീരീഡ്‌,ഞങ്ങളൊക്കെ ദിവസവും എല്ലാ പിരീഡും കട്ട്‌ ചെയ്ത് സമരം ചെയ്തോണ്ട നീയൊക്കെ ഇവിടെ പഠിക്കുന്നെ..അപോഴാ നിനക്ക് നിന്‍റെയൊരു പീരീഡ്‌ കട്ട്‌ ചെയാന്‍ പറ്റാത്തെ. വേണേല്‍ ആ പിരീഡിന്‍റെ  ATTENDENCE ഞാന്‍  നിനക്ക് മേടിച്ച് തരാം.  ഞങ്ങള്‍‍ക്കൊന്നുമില്ലാത്തതാണല്ലോ    ഈ പീരീഡ്‌."
  

Friday, October 1, 2010

ട്രാഫിക്‌ സിഗ്നല്‍ 
പിഴച്ചു പോയിരുന്നു 
സഞ്ചാര പഥങ്ങള്‍
ഒരിക്കല്‍...
പകുതി ജീവന്‍ 
കൊടുത്തു 
നേരെയാക്കി...
പക്ഷേ,
കുരുങ്ങിപ്പോയി
ജീവിതത്തിന്റെ
ട്രാഫിക്‌ സിഗ്നലില്‍...
മുന്നോട്ട് 
പോകണമെന്നുണ്ട്.
ചുവപ്പും മഞ്ഞയും 
മാത്രം മാറി 
മാറിക്കൊണ്ടിരുന്നു...
പക്ഷേ,
പച്ച മാത്രം 
കത്തിയില്ല....
ഒടുവില്‍,
ബാക്കി വെച്ച 
പകുതി ജീവന്റെ 
കാത്തിരിപ്പിനൊടുവില്‍ 
പച്ച കത്തി...
അത് വലത്തോട്ടും
ഇടത്തോട്ടും
നേരെയും...!

Friday, August 27, 2010

?????
ചില ചോദ്യങ്ങള്‍ 
അസ്ത്രങ്ങളാണ്... 
തുളച്ചു കയറും
ഹൃദയത്തിനകത്തെക്ക്,
ഒരു ഹൃദയവുമില്ലാതെ...
അറിയാമായിരുന്നു,
ചില ഉത്തരങ്ങള്‍...
പക്ഷേ, 
പറയരുതെന്നരോ 
വിലക്കിയിരുന്നു...
ഉത്തരം കിട്ടാത്ത 
ചോദ്യങ്ങള്‍ക്ക് മുന്നില്‍
മുട്ടുമടക്കി
മുകളിലോട്ടും താഴോട്ടും
ഇടത്തോട്ടും വലത്തോട്ടും
കുരിശു വരച്ചു
ഞാന്‍...


Tuesday, August 24, 2010

          ആത്മഹത്യ

              ആത്മഹത്യ ചെയ്യുന്നവര്‍ക്ക് മരണം ഒരു പ്രതീക്ഷയാണ്... ക്രൂരമായ ജീവിതാനുഭവങ്ങളില്‍ നിന്ന്‍ നിത്യമായ നിദ്രയിലേക്കുള്ള രക്ഷപ്പെടല്‍.ലക്ഷ്യമില്ലതാവുന്ന ജീവിതങ്ങള്‍ക്ക് മുന്നിലെ ലക്ഷ്യവുമാകുന്നു ചിലപ്പോള്‍ മരണം.
          ആത്മഹത്യകള്‍ക്ക് കാരണങ്ങള്‍ പലതാകാം. സാധാരണ പറയുന്നത് പോലെ ജീവിത പ്രതിസന്ധികള്‍ മാത്രമല്ല ആത്മഹത്യകള്‍ക്ക് കാരണം.. മരണത്തെ ജീവിതത്തെക്കാളേറെ ഇഷ്ടടപെട്ട് ഒരു കാമുകനെ പോലെ മരണത്തെ മനസ്സാ വരിച്ച് മരണത്തിലേക്ക് നടന്നു കയരുന്നവരുമുണ്ട്.ഇവര്‍ ആത്മഹത്യ ചെയ്യുന്നത് മരണത്തെ അത്രമേല്‍ സ്നേഹിച്ചിരുന്നു എന്നത് കൊണ്ടാണ്.
           നിത്യവും മരണത്തെ ഉപാസിച്ച് മരണത്തിന്റെ കാലൊച്ചകള്‍ക്ക്  വേണ്ടി കാതോര്‍ത്ത്‌ ജീവിതത്തിന്റെ പാപങ്ങളില്‍ നിന്ന്‍ മരണത്തിന്റെ പുണ്യത്തിലേക്ക് യാത്ര ചെയ്യാന്‍ കൊതിച്ചവര്‍. മരണമെന്ന സംഗീതം കേള്‍ക്കാനാഗ്രഹിച്ച് മരണത്തിന്റെ ഈണവും താളവും മനസ്സില്‍ കൊണ്ട് നടന്നവര്‍... വര്‍ണങ്ങളില്‍ ചാലിച്ച പുതിയ ലോകത്തിന്റെ വിസ്മയ കാഴ്ചകളെ മനസ്സില്‍ താലോലിച്ച് ജനം ജീവിതമെന്ന്‍ വിളികുന്നതിനോട് തികച്ചും വികാരരഹിതമായി യാത്രമൊഴി ചൊല്ലിയവര്‍... മരണത്തിലേക്ക്  പ്രണയ പരിവേശത്തോടെ നടന്ന്‍ കയറിയവര്‍... 
         ഇവര്‍ എന്ത്കൊണ്ട് മരണത്തെ പ്രണയിച്ചു? ഭ്രാന്തമായ ചിന്തകളുടെ അനന്തര ഫലമാനെന്ന്‍ പറയാന്‍ വയ്യ... അതൊരിക്കലും മതിഭ്രമവുമായിരുന്നില്ല... ഒരു പക്ഷേ,നിര്‍വചിക്കപ്പെടാനാവാത്ത മനസ്സിന്റെ വിങ്ങലാവാം....              

Monday, August 16, 2010

കുന്നിന്‍ മുകളിലെ ഗുല്‍മോഹര്‍

ഒളിപ്പിച്ചു വ്വെചിരുന്നു 
ഞാനെന്റെ പ്രണയം,
കുന്നിന്‍ മുകളിലെ 
ഗുല്‍മോഹര്‍ 
മരത്തിനുള്ളില്‍...

ആരോ പറഞ്ഞു...
കുന്നിന്‍ മുകളിലെ 
ഗുല്‍മോഹര്‍ ഒലിച്ചു
പോയെന്ന്‍...
ഒപ്പം മരപ്പൊത്തിലെ 
പ്രണയങ്ങളും...

പാവം, 
മഴക്കറിയില്ലല്ലോ 
മരപ്പൊത്തിലെ 
പറയാനാകാത്ത 
എന്റെ 
പ്രണയത്തെക്കുറിച്ച്...


Sunday, August 15, 2010

സ്വാതന്ത്ര്യ ദിനത്തിലെ ഭ്രാന്തന്റെ ചോദ്യങ്ങള്‍

സ്വാതന്ത്ര്യ ദിനത്തിലെ ഭ്രാന്തന്റെ ചോദ്യങ്ങള്‍ 


ആര്‍ക്കാണ് സ്വാതന്ത്ര്യം?
എവിടെയാണ് സ്വാതന്ത്ര്യം? 
എന്താണ് സ്വാതന്ത്ര്യം?

ഇത്രയും വരഷന്മയിട്ടും നാം സ്വപ്നം കണ്ട സമത്വ സുന്ദര ഭാരതം എവിടെ? 
സ്വന്തം വീട്ടില്‍ പേടിയോടെ കിടന്നുറങ്ങുന്ന കശ്മീരികള്‍ അനുഭവിക്കുന്നതും സ്വാതന്ത്ര്യമല്ലേ?
ഗുജറാത്തിലെ മുസ്ലിങ്ങളും സ്വതന്ത്ര ഇന്ത്യയുടെ ഭാഗമല്ലേ? 
1984 ഇല്‍ സിക്കുകാര്‍ അനുഭവിച്ചതും മഹത്തരമായ  സ്വാതന്ത്ര്യമല്ലേ?  
ഗ്രഹം സ്റ്റയിന്‍സ്  കൊല്ലപെട്ടതും ഇന്ത്യന്‍ മണ്ണില്‍ വെച്ചല്ലേ?
പൊട്ടി തെറിക്കുന്ന നഗരങ്ങളും സ്വാതന്ത്ര ഇന്ത്യയിലല്ലേ?
63 വര്‍ഷങ്ങളുടെ ഭരണ ഫലമാണോ ഇപ്പോഴും പട്ടിണി കിടക്കുന്ന ജനങ്ങള്‍? 
കൈ പോയ ജോസഫ്‌ സാറും ജീവിക്കുന്നതും   മതേതര ജനാതിപത്യ രാഷ്ട്രത്തിലല്ലേ? 
അര്‍ദ്ധ രാത്രിയിലെ  സ്വാതന്ത്ര്യത്തില്‍ ഇപ്പോഴും സൂര്യ പ്രകാശം വീണില്ലേ?

ആര്‍ക്കാണ് സ്വാതന്ത്ര്യം?
എവിടെയാണ് സ്വാതന്ത്ര്യം? 
എന്താണ് സ്വാതന്ത്ര്യം?



കളഞ്ഞു പോയ കുട 

ഇനിയുമീ കുന്നിറക്കങ്ങളില്‍
എന്റെ കുടയില്‍ നീ 
ഉണ്ടായിരുന്നെങ്കില്‍ 
ഓരോ മഴതുള്ളിയെയും 
ഞാന്‍ നിന്റെ പേരിട്ട്
വിളിക്കുമായിരുന്നു.... 
പക്ഷെ,
കളഞ്ഞു പോയി 
കുട മാത്രമല്ല 
നിന്നെയും...